Monday, 4 April 2011

ഒരു ചെറുപ്പയര്‍ പായസത്തിന്റെ ഓര്‍മ്മയില്‍

രണ്ട് മൂന്ന് ദിവസത്തെ പനിക്ക് ശേഷം ചിക്കന്‍ പോക്സ് പിടി കൂടിയത് കഴിഞ്ഞതിന്റെ മുമ്പിലെ വെള്ളിയാഴ്ചയാണ്. പനി ഉള്ളത്കൊണ്ടാണ് ഡോക്ടറെ കാണാന്‍ പോയത്. മുഖത്തു അപ്പോള്‍ രണ്ട് മൂന്ന് ചെറിയ കുരുക്കള്‍ ഉണ്ടായിരുന്നു. അതുകണ്ട് ഡോക്ടര്‍ പറഞ്ഞു ഇത് മുഖക്കുരു പോലെയുണ്ട്, വേറെ എവിടെയെങ്കിലും ഇതുപോലെ കുരുക്കള്‍ ഉണ്ടോ, കൈത്തണ്ടയില്‍ അതുപോലെയൊന്നു കണ്ടപ്പോള്‍ ഡോക്ടര്‍ ഉറപ്പിച്ചു, ചിക്കന്‍ പോക്സ് തന്നെ, മരുന്ന് തരാം, മാറിയിട്ട് കുളിച്ചാല്‍ മതി. കുളി കഴിഞ്ഞു ഓട്ടോ വീട്ടിലേക്കു വിളിച്ചു വരുത്തി നേരെ അതില്‍ കയറി പോയത് കൊണ്ടായിരിക്കണം എന്‍റെ തലമുടിയില്‍ നിന്നും വെള്ളം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു. ഇന്ന് കുളിച്ചു അല്ലേ, എന്തായാലും ഇനി ഇത് മാറിയിട്ട് കുളിച്ചാല്‍ മതി എന്ന് ഡോക്ടര്‍ ഓര്‍മ്മിപ്പിച്ചു. കുട്ടികളെ അസുഖം വന്നാല്‍ ഈ ഡോക്ടറുടെ അടുത്താണ് കൊണ്ടു പോവുക. നല്ല കൈപുണ്യം ഉള്ള ഡോക്ടര്‍ ആണ്. പെട്ടെന്ന് അസുഖം മാറും. വീട്ടില്‍ പോയി കാണുന്നതിനാല്‍ മരുന്നും അവിടെ നിന്നു തന്നെ കിട്ടും. വില അല്പം കൂടുതല്‍ ആണെങ്കിലും. എനിക്കും ഒരാഴ്ചത്തെ മരുന്ന് എടുത്തു മുമ്പില്‍ വെച്ചു ഡോക്ടര്‍ പറഞ്ഞു, ഈ മരുന്നിനു വില അല്പം കൂടുതല്‍ ആണ്, അഞ്ഞൂറ് രൂപ. എന്‍റെ ബാഗില്‍ ഭാഗ്യത്തിന് അത്രയും പണം ഉണ്ടായിരുന്നു. പനിച്ചപ്പോള്‍ അമ്മ പറഞ്ഞിരുന്നു, ആരും ഇല്ലാത്തവര്‍ക്ക് ദൈവം തുണ എന്ന്. എനിക്ക് ആദ്യമായാണ്‌ ചിക്കന്‍ പോക്സ് വരുന്നത്‌. പക്ഷേ ഡോക്ടറുടെ മരുന്ന് ചിക്കന്‍ പോക്സിന്റെ ഒരു അസ്വസ്ഥതയും എനിക്ക് തന്നില്ല. ദൈവം ഡോക്ടറുടെ രൂപത്തിലാണ് വന്നത് എന്ന് മാത്രം.


അവിടെ നിന്നും ഇറങ്ങിയപ്പോള്‍ ഞാന്‍ അമ്മയെയും ഷേര്‍ളിയെയും വിളിച്ചു, രണ്ട് പേരും പറഞ്ഞു വയനാട്ടിലേക്ക് വേഗം വരാന്‍. ഒറ്റയ്ക്ക് അവിടെ നില്‍ക്കണ്ട എന്ന്. തലേന്ന് പനി ആണെന്ന് പറഞ്ഞപ്പോള്‍ മോനും അതു തന്നെ പറഞ്ഞിരുന്നു. പക്ഷേ ഞാന്‍ തീരുമാനിച്ചു, ചിക്കന്‍ പോക്സ് ആണെങ്കിലും ഒറ്റയ്ക്ക് അതിനെ നേരിടാം എന്ന്. ഞാന്‍ വരുന്നില്ല കൊച്ചിയില്‍ തന്നെ നിന്നോളാം എന്ന് പറഞ്ഞപ്പോള്‍ അമ്മയും ഷേര്‍ളിയും പിന്നെ നിര്‍ബന്ധിച്ചില്ല. ഞാന്‍ അങ്ങനെയാണ്. ഒരു തീരുമാനം എടുത്തു കഴിഞ്ഞാല്‍ പിന്നെ അതില്‍ നിന്നും മാറാന്‍ പ്രയാസം ആണ്. മനുഷ്യര്‍ അല്ല ആന പിടിച്ചു വലിച്ചാലും എന്‍റെ തീരുമാനം ഞാന്‍ മാറ്റില്ല. അത് എല്ലാവര്‍ക്കും അറിയുന്നതിനാല്‍ വീട്ടുകാരോ മക്കളോ ഒരു കാര്യത്തിനും എന്നെ നിര്‍ബന്ധിക്കാറില്ല. എന്നാലും അമ്മയും ഷേര്‍ളിയും ഓരോ നിര്‍ദ്ദേശങ്ങള്‍ തരാന്‍ മറന്നില്ല. ഭക്ഷണം ഉപ്പിലാത്ത കഞ്ഞിയും ചെറുപയറും ചുട്ട പപ്പടവും മതി എന്ന് പറഞ്ഞു. ഇടയ്ക്ക് ഞാന്‍ ഗ്യാസ് അടുപ്പിനു മുകളില്‍ കത്തിയില്‍ കോര്‍ത്തു പപ്പടം ചുട്ടെടുക്കാറുണ്ട്. അപ്പോള്‍ പപ്പടം ചുടുന്ന കാര്യത്തില്‍ പ്രശ്നം ഇല്ല.


ഇനി ഒരാഴ്ചയോ ചിലപ്പോള്‍ അതിലേറെയോ ദിവസം പുറത്തിറങ്ങാന്‍ കഴിഞ്ഞു എന്ന് വരില്ല, അതുകൊണ്ടു സാധനങ്ങള്‍ വേണം. നേരെ ടൌണില്‍ പോയി അരി, ചായപ്പൊടി, പഞ്ചസാര, പപ്പടം എന്നിവ വാങ്ങി. ഇത്രയും സാധനങ്ങള്‍ അത്യാവശ്യമാണ്. അരി ഇല്ലെങ്കിലും ഞാന്‍ ജീവിക്കും. പക്ഷേ ചായ എന്‍റെ ദൗര്‍ബല്യമാണ്. സമയത്ത് അതു കിട്ടിയില്ലെങ്കില്‍ ജീവിതം മൊത്തം താളം തെറ്റും. ഇനി വേണ്ടത് ചെറുപ്പയര്‍ ആണ്. രണ്ട് കിലോ ചെറുപ്പയര്‍ എന്ന് പറഞ്ഞപ്പോള്‍ പരിചയമുള്ള കടക്കാരന്‍ അതു എടുത്ത തന്ന ശേഷം എന്തിനാണ് ഇത്രയും പയര്‍, കുട്ടികള്‍ വരുന്നുണ്ടോ എന്ന് ചോദിച്ചു. കൊച്ചിയില്‍ വന്നത് മുതല്‍ അറിയുന്ന കടക്കാരന്‍ ആണ്. ഇതുവരെയും രണ്ടുകിലോ ചെറുപ്പയര്‍ ഒരുമിച്ചു വാങ്ങിയിട്ടില്ല. കുട്ടികള്‍ വരുന്നില്ല, എനിക്ക് ഒറ്റയ്ക്ക് കഴിക്കാന്‍ ആണ് എന്ന് പറഞ്ഞു, അയാള്‍ അതിശയത്തില്‍ എന്നെ നോക്കിയപ്പോള്‍ മുഖത്തു ചെറിയ ഒരു ചിരിയുമായി ഞാന്‍ കടയില്‍ നിന്നും പുറത്തിറങ്ങി. ഞാന്‍ ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉള്ള ഒരു മെയ്‌ ദിന തലേന്നിന്റെ ഓര്‍മ്മയാണ് എന്‍റെ മുഖത്ത് ചിരി പടര്‍ത്തിയത്.


അന്നൊക്കെ മെയ്‌ ദിനത്തിന് അമ്മ പായസം ഉണ്ടാക്കും. അവധി ദിവസം ആണ്. തൊഴിലാളി ദിനത്തിന്റെ മാധുര്യം സാധാരണക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതുമല്ല ലോകത്തിലുള്ള എല്ലാ ആഘോഷങ്ങളും ജാതിയും മതവും നോക്കാതെ ചെറിയ രീതിയില്‍ എങ്കിലും ഞങ്ങളുടെ വീട്ടിലും ആഘോഷിക്കാന്‍ അപ്പച്ചന്‍ മുന്‍പില്‍ ഉണ്ടാകും. ദീപാവലിക്കും ഹോളിക്കും തമിഴരുടെ ആടിക്കും അപ്പച്ചന്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് മധുരം വാങ്ങി കൊണ്ടു തരും. ഇറച്ചിക്കറി ഉള്‍പെടെയുള്ള കറികള്‍ ഒരുക്കി ഊണ് തരുമായിരുന്നു. അതുപോലെ റംസാനും ബക്രീദും ഞങ്ങളുടെ വീട്ടില്‍ ആഘോഷിക്കാറുണ്ട്. അങ്ങനെ ആ മെയ്‌ ദിനത്തില്‍ പായസം വെക്കാന്‍ വേണ്ടി അമ്മ എന്നോട് അഞ്ഞൂറ് ചെറുപ്പയര്‍ വാങ്ങി കൊണ്ടു വരാന്‍ പറഞ്ഞു. ഇന്നത്തെ പോലെ ചെറുപ്പയര്‍ പരിപ്പ് കൊണ്ടല്ല അന്ന് പായസം ഉണ്ടാക്കുക. ചെറുപ്പയര്‍ അടുപ്പില്‍ വെച്ചു വറുത്തു ഉരലില്‍ ചെറുതായി കുത്തിയോ അല്ലെങ്കില്‍ വറുത്ത പയര്‍ പേപ്പറില്‍ നിരത്തിയിട്ടു ചപ്പാത്തി കോല് കൊണ്ടു അതിനുമീതെ ഉരുട്ടിയോ തൊലി കളയും. അതു പിന്നെ മുറത്തില്‍ ഇട്ടു പാറ്റും. പിന്നീട് കഴുകി പാതി വേവാകുമ്പോള്‍ ശര്‍ക്കര പാനിയും തേങ്ങാപ്പാലും ചേര്‍ക്കും. വെള്ളം വറ്റി പാകത്തിന് വെന്ത മണം വരുമ്പോള്‍ താഴെയിറക്കി നെയ്യില്‍ തേങ്ങാ ക്കൊത്തു മൂപ്പിച്ചു അതിനു മീതേ ഒഴിക്കും. രുചി ക്രമീകരിക്കാന്‍ അമ്മ ഒരു നുള്ള് ഉപ്പും ചേര്‍ക്കും. തണുത്താല്‍ പായസം ഗ്ലാസില്‍ ഒഴിച്ചു തരും. അതിന്‍റെ ഒരു രുചി ഇപ്പോഴത്തെ ചെറുപ്പയര്‍ പരിപ്പ് പായസത്തിനു കിട്ടില്ല. പായസപ്പാത്രത്തിന്റെ അടിവശം വടിച്ചെടുക്കാന്‍ ഞാന്‍ മുമ്പില്‍ ഉണ്ടാകും.


ആ രുചിയുടെ ഓര്‍മ്മയില്‍ ഞാന്‍ കടയിലേക്ക് ഓടി പോയി. അമ്മ പറഞ്ഞത്‌ അഞ്ഞൂറ് ചെറുപ്പയര്‍ ആണ്. എന്‍റെ അറിവില്‍ അതു അഞ്ചു കിലോ ആണ്. ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിയാണ്. അത്രയും അറിവൊക്കെ എനിക്കുണ്ട്. ഞാന്‍ കടക്കാരനോട് അഞ്ചു കിലോ ചെറുപ്പയര്‍ ആവശ്യപ്പെട്ടു. അഞ്ചു കിലോ ചെറുപ്പയറോ അയാള്‍ അതിശയത്തില്‍ എന്നെ നോക്കി. എന്തിനാണ് അത്രയും പയര്‍? ഇയാള്‍ക്ക് പയര്‍ ചോദിച്ചാല്‍ അതു തന്നാല്‍ പോരെ വിത്തും വേരും ഒക്കെ അറിയണം. മനസ്സില്‍ ഉയര്‍ന്ന ദേഷ്യം ഞാന്‍ പുറത്തു കാണിച്ചില്ല. എന്നിട്ട് വലിയ ഗമയില്‍ പറഞ്ഞു പായസം ഉണ്ടാക്കാന്‍ ആണ്. പായസം ഉണ്ടാക്കാന്‍ അവിടെ വല്ല കല്യാണവും ഉണ്ടോ? ഓ, ഇയാളെ ഞാന്‍ കൊല്ലും. സ്ഥിരം സാധനങ്ങള്‍ വാങ്ങുന്ന കടയാണ്. അപ്പച്ചനെയും അമ്മയെയും നല്ല പരിചയം. ഞാന്‍ ആണെങ്കില്‍ ഉരുളയ്ക്ക് ഉപ്പേരി പോലെ ഓരോന്നിനും മറുപടി പറയുന്നതിനാല്‍ അയാള്‍ എന്നെ ദേഷ്യം പിടിപ്പിക്കാന്‍ ഓരോന്ന് പറയാറുമുണ്ട്. അഞ്ച് കിലോ ചെറുപ്പയര്‍ കൊണ്ടു പായസം വെച്ചു നാട്ടാര്‍ക്ക് ഒക്കെ കൊടുക്കാന്‍ ആണോ എന്നയാള്‍ വീണ്ടും. ആ, ഞങ്ങള്‍ അങ്ങനെ നാട്ടാര്‍ക്ക് എല്ലാവര്‍ക്കും കൊടുക്കും, ഹംസാക്കയ്ക്ക്‌ അതിനെന്താ? ഹംസാക്കാ ഇപ്പോള്‍ ചെറുപ്പയര്‍ താ എന്ന് ഞാനും. ഇവിടെ എന്തായാലും അഞ്ചു കിലോ ചെറുപ്പയര്‍ ഇപ്പോഴില്ല, ഇപ്പോള്‍ മൂന്നു കിലോ കൊണ്ടുപൊയ്ക്കോ. രണ്ട് ദിവസം കഴിഞ്ഞിട്ട് ബാക്കി രണ്ട് കിലോ തരാം എന്നയാള്‍ പറഞ്ഞു. നാട്ടിന്‍പ്പുറത്തെ ചെറിയ കടയാണ്. അവിടെ അത്രയേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ മൂന്നു കിലോ ചെറുപ്പയറുമായി ചാടിത്തുള്ളി വീട്ടിലെത്തി അമ്മേ, മൂന്ന് കിലോയെ കിട്ടിയുള്ളൂ. രണ്ട് ദിവസം കഴിഞ്ഞു ബാക്കി രണ്ട് കിലോ തരാമെന്നു പറഞ്ഞു എന്നറിയിച്ചു. എന്‍റെ സ്വരത്തില്‍ അഞ്ചു കിലോ ചെറുപ്പയര്‍ ഒരുമിച്ചു കിട്ടാത്ത വേദന ഉണ്ടായിരുന്നു. രണ്ട് കിലോ കുറഞ്ഞത്‌ കൊണ്ടു എനിക്ക് തരുന്ന പായസത്തിന്റെ അളവ് കുറഞ്ഞു പോകുമോ ദൈവമേ?


അമ്മ ആ സഞ്ചി തുറന്നു മൂന്നു കിലോ ചെറുപ്പയര്‍ കണ്ടു തലയില്‍ കൈവെച്ചു ഇരുന്നു പോയി. എന്താ അമ്മേ എന്ന് ഞാന്‍. ഞാന്‍ നിന്നോട് അഞ്ഞൂറ് ചെറുപ്പയര്‍ അല്ലേ വാങ്ങി കൊണ്ടു വരാന്‍ പറഞ്ഞത് എന്നമ്മ. അതെ, എന്‍റെ അറിവില്‍ അഞ്ഞൂറ് ചെറുപ്പയര്‍ കിലോ കണക്കില്‍ അഞ്ച്‌ കിലോ ചെറുപ്പയര്‍ ആണ്. എന്നിട്ടും അമ്മ എന്നെ ഇങ്ങനെ ദേഷ്യത്തില്‍ നോക്കുന്നത് എന്തിനാണ് എന്നെനിക്ക് മനസ്സിലായില്ല. നിന്നെയൊക്കെ എന്തിനാണ് ഞാന്‍ പഠിപ്പിക്കാന്‍ വിടുന്നത്? അഞ്ഞൂറ് ഗ്രാം എന്ന് പറഞ്ഞാല്‍ എത്രയാണെന്ന് ഇനിയും നിനക്കറിയില്ലേ എന്നമ്മ. എനിക്ക് അമ്മയുടെ കണക്കു മനസ്സിലാക്കുന്നതേയില്ലല്ലോ ദൈവമേ, ഇതെന്തൊരു കണക്കാണ്. ഇത്രയും പയര്‍ കൊണ്ടു ഞാന്‍ ഇനി എന്തു ചെയ്യും എന്നൊക്കെ അമ്മ പരിതപിക്കുന്നുണ്ടായിരുന്നു. മുഴുവനും കേള്‍ക്കാന്‍ ഞാന്‍ നിന്നില്ല. ഒരു കാറ്റു പോലെ ഞാന്‍ വീട്ടില്‍ നിന്നും പാറി പറന്നു കളിക്കാന്‍ പോയി. എന്തായാലും കുറച്ചു ദിവസം വീട്ടില്‍ ചെറുപ്പയര്‍ കൊണ്ടുള്ള വിവിധതരം കറികള്‍ ആയിരുന്നു. ഞങ്ങള്‍ മൂന്നു പേരെയും നിരത്തിയിരുത്തി അമ്മ ചോറ് വിളമ്പി അതിനു മീതേ ചെറുപ്പയര്‍ കറി ഒഴിക്കുമ്പോള്‍ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന ചേച്ചിയും ഷേര്‍ളിയും കടുപ്പത്തില്‍ എന്‍റെ മുഖത്തേക്ക് നോക്കും. ഞാന്‍ കാരണം പാവങ്ങള്‍ കുറെ ദിവസം ചെറുപ്പയര്‍ കഴിക്കേണ്ടി വന്നു. കൊന്നാല്‍ പാപം തിന്നാല്‍ തീരും എന്ന മട്ടില്‍ ഞാന്‍ ഒരു അഭിമാനത്തോടെ ഇരുന്നു ചോറ് കഴിച്ചു. ആ ചെറുപ്പയര്‍ കറിക്ക് ഒരു പരാതിയും പറഞ്ഞില്ല. എന്തായാലും ഞാന്‍ ഒറ്റയ്ക്ക് കഴിക്കും എന്ന് പറഞ്ഞു വാങ്ങി കൊണ്ടു വന്ന ചെറുപ്പയര്‍ ഒന്നര ആഴ്ചയ്ക്ക് ശേഷവും അങ്ങനെ തന്നെ ഉണ്ട്. അസുഖം മാറിയാല്‍ ശര്‍ക്കരയും തേങ്ങയും നെയ്യും വാങ്ങി കൊണ്ടു വന്നു പണ്ട് അമ്മ ഉണ്ടാക്കുന്നത് പോലെ പായസം ഉണ്ടാക്കാം. അല്ലെങ്കില്‍ എന്‍റെ മൂത്ത മോന്‍ മിഥുന്‍ എല്ലാ ഞായറാഴ്ചയും ചെറുപ്പയര്‍ കറി കഴിക്കേണ്ടി വരും.

3 comments:

സ്പുട്നിക്ക് നെറ്റ് വര്‍ക്ക് said...

...............:)

jayarajmurukkumpuzha said...

aashamsakal.....

antony said...

വേഗം രോഗ വിമുക്തയാകട്ടെ......