
കഴിഞ്ഞ ആഴ്ച എന്തോ ഒരു ബോറടി തോന്നിയപ്പോഴാണ് കൂട്ടുകാരി ബിന്ദുവിനെ വിളിച്ചു പറഞ്ഞത്-നാളെ ഞാന്‍ അങ്ങോട്ട് വരുന്നുണ്ടെന്ന്. ബിന്ദുവിനു സന്തോഷമായി. കുറെയായി അവളെ കാണാന്‍ പോകാമെന്ന് പറയുന്നു. നടക്കാറില്ല. ഉറപ്പ് കൊടുത്തെങ്കിലും ഉച്ചയായപ്പോള്‍ കടുത്ത തലവേദന തുടങ്ങി. പനിക്കുമോ എന്നൊരു തോന്നല്‍. അതറിഞ്ഞപ്പോള്‍ ബിന്ദു പറഞ്ഞു ലില്ലിയേച്ചി എന്നാല്‍ വരണ്ട. അടുത്ത ചൊവ്വാഴ്ച ബുദ്ധ പൂര്‍ണിമയാണ്. അവധിയാണ്. അന്ന് വന്നാല്‍ മതിയെന്ന്. അങ്ങനെ തീരുമാനമായി. എന്‍റെ സുഹൃത്തുക്കളില്‍ ബിന്ദു മാത്രമേ എന്നെ ചേച്ചി കൂട്ടി വിളിക്കാറുള്ളൂ. അതിനവള്‍ പറഞ്ഞ കാരണം എന്നിലെ കവിയത്രിയെ പേര് വിളിക്കാന്‍ അവളുടെ നാവു പൊന്തുന്നില്ല എന്നായിരുന്നു. ഞാനും ബിന്ദുവും ഏറെ പ്രായ വ്യത്യാസമില്ല. പക്ഷേ എന്നെക്കാള്‍ എത്രയോ പ്രായം കുറഞ്ഞ കവിത എന്നെ പേരാണ് വിളിക്കുന്നത്. പക്ഷേ അവള്‍ ബിന്ദുവിനെ ബിന്ദുയേച്ചി എന്ന് വിളിക്കും. കോഴിക്കോട് ഹോസ്റ്റലില്‍ വെച്ചു കവിതയും രജിതയുമൊക്കെ ബിന്ദുവിനോട് എന്തിനാണ് ലില്ലിയെ ചേച്ചി എന്ന് വിളിക്കുന്നതെന്ന് തര്‍ക്കിക്കുമായിരുന്നു. പക്ഷേ ആ വിളി ഞങ്ങളുടെ സൗഹൃദത്തില്‍ അണുവിട അകല്‍ച്ച പോലും സൃഷ്ടിച്ചിട്ടില്ല.
ബിന്ദു ജോലി ചെയ്യുന്നത് തൃശ്ശൂര്‍ ആണ്. രാവിലെ തന്നെ അങ്ങോട്ട് ബസ് കയറി. സൈഡ് സീറ്റ് തന്നെ കിട്ടി. തൊട്ടടുത്ത സീറ്റില്‍ ഒരു പെണ്‍കുട്ടി വന്നിരുന്നപ്പോഴാണ് തമ്മില്‍ പരിചയമുള്ളത് പരസ്പരം തിരിച്ചറിഞ്ഞത്. കഴിഞ്ഞ മാസം മിഥു മോന്റെ പിറന്നാളിന് ഞാന്‍ ചിക്കന്‍ പോക്സ് വന്നു കിടപ്പിലായിരുന്നു. അവന് കാര്യമായി ഒന്നും ഉണ്ടാക്കി കൊടുക്കാന്‍ കഴിഞ്ഞില്ല. അസുഖം മാറിയ ശേഷം മയ്യഴി ഹോട്ടലില്‍ വെച്ചു ഒരു ട്രീറ്റ് കൊടുക്കാമെന്നു കരുതി കഴിഞ്ഞ മാസം ഞങ്ങള്‍ രണ്ടുപേരും കൂടി അവിടെ എത്തി. മോന്‍ പറഞ്ഞു അമ്മ ഹോട്ടലില്‍ കയറിയിരിക്ക്, ഞാന്‍ റിചാര്‍ജ് കൂപ്പണ്‍ വാങ്ങി വരാമെന്ന്. ഞാന്‍ അകത്തെ മുറിയില്‍ കയറിയിരുന്നു കുറച്ചു കഴിഞ്ഞപ്പോള്‍ മോഡേണ്‍ വേഷത്തില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി വന്നു എന്‍റെ എതിരെ ഇരുന്നു. അവിടെ ബാക്കിയെല്ലാ സീറ്റും ഒഴിഞ്ഞു കിടക്കുകയാണ്. മോന്‍ വന്നു കഴിഞ്ഞാല്‍ ഞങ്ങള്‍ തര്‍ക്കിച്ചും അടി കൂടിയും തമ്മില്‍ കളിയാക്കിയുമാണ് ഭക്ഷണം കഴിക്കുക പതിവ്. അതിന് ഈ പെണ്‍കുട്ടി ഒരു തടസ്സമാവും. ഞാന്‍ ആ കുട്ടിയോട് ഇവിടെ ഒരാള്‍ ഉണ്ട്, ഇപ്പോള്‍ വരുമെന്ന് പറഞ്ഞു. ഉടനെ ആ പെണ്‍കുട്ടി തൊട്ടപ്പുറത്തെ നിരയില്‍ ഒരാള്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ എനിക്ക് അഭിമുഖമായി ഇരുന്നു. പിന്നീട് അവിടെയിരുന്നു എന്നോട് സംസാരിക്കാന്‍ തുടങ്ങി. ഞങ്ങള്‍ തമ്മില്‍ ആദ്യമായി കാണുകയാണ്. പക്ഷേ പറഞ്ഞറിയിക്കാന്‍ കഴിയാത്ത എന്തോ ഒരു അടുപ്പം ഞങ്ങളെ വന്നു മൂടി. ആ അടുപ്പം തന്നെയായിരിക്കണം അത്രയും കസേരകള്‍ അവിടെ ഒഴിഞ്ഞു കിടന്നിട്ടും എന്‍റെ സീറ്റില്‍ വന്നിരിക്കാന്‍ അവളെ പ്രേരിപ്പിച്ചത്. സംസാരിച്ചു വന്നപ്പോള്‍ കാഴ്ചയില്‍ തോന്നിയ പോലെ ഒരു പെണ്‍കുട്ടിയല്ല, എഞ്ചിനീയര്‍ ആണ്. അവളെ നമുക്ക് അനില എന്ന് വിളിക്കാം. ഇപ്പോള്‍ ഞങ്ങള്‍ക്ക് തമ്മില്‍ പരസ്പരം അറിയാന്‍ കഴിയാത്തതൊന്നുമില്ല.
ഇതിനിടയില്‍ മോന്‍ വന്നു. അനില ഉടന്‍ ഇതാണോ ചേച്ചിയുടെ മറൈന്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന മോന്‍ എന്ന് ചോദിച്ചു. മോന്‍ എന്‍റെ മുഖത്തേക്ക് ഒന്നു നോക്കി. പിന്നെ അവള്‍ ചോദിച്ചതിനൊക്കെ മറുപടി പറഞ്ഞു.അനില യാത്ര പറഞ്ഞു പോയപ്പോള്‍ മോന്‍ ചോദിച്ചു-അമ്മയ്ക്ക് അവരെ നേരത്തെ അറിയുമോ? ഞാന്‍ പറഞ്ഞു ഇല്ല, ഇവിടെ വെച്ചു ആദ്യമായി കാണുകയാണ്. അതുശരി ആദ്യമായി കണ്ടിട്ടാണ ല്ലേ രണ്ടുപേരും കൂടി ഇത്രയും വാചകമടിച്ചത് എന്ന് അതിശയിച്ചു. എനിക്ക് അത്ഭുതം തോന്നി, സാധാരണ പരിചയമില്ലാത്ത വരോട് ഞാന്‍ ഇങ്ങനെ സംസാരിക്കുക പതിവില്ല.
ആ അനിലയാണ് സീറ്റില്‍ തൊട്ടടുത്തിരിക്കുന്നത്. അധികം വൈകാതെ ഞങ്ങള്‍ക്ക് തമ്മില്‍ സംസാരിക്കാന്‍ ഇഷ്ടമുള്ള വിഷയം സിനിമയാണെന്ന് തിരിച്ചറിഞ്ഞു. പിന്നെ അതില്‍ രണ്ടുപേരും കത്തികയറി. ഇടയ്ക്ക് ബിന്ദു വിളിക്കുന്നുണ്ട്. ലില്ലിയേച്ചി, ആമ്പലൂര്‍ എത്തുമ്പോള്‍ വിളിക്കണം ഞാന്‍ സ്റ്റാന്‍ഡില്‍ വന്നു നില്‍ക്കാം എന്ന്. ചാലക്കുടി കഴിഞ്ഞു, ആമ്പലൂര്‍ കഴിഞ്ഞു ഒന്നും അറിയുന്നില്ല. നോണ്‍ സ്റ്റോപ്പ് സംസാരമാണ്. ഒടുവില്‍ തലോര്‍ എത്തിയപ്പോള്‍ ആമ്പലൂര്‍ കഴിഞ്ഞെന്നു അനില കണ്ടു പിടിച്ചു. ബിന്ദുവിനോട് മടിയോടെയാണ് തലോര്‍ എത്തിയെന്ന് വിളിച്ചു പറഞ്ഞത്. അതിനകം ഞങ്ങള്‍ വീട്ടുകാര്യം പോലും വള്ളിപ്പുള്ളി വിടാതെ സംസാരിച്ചു കഴിഞ്ഞിരുന്നു. തൃശൂര്‍ സ്റ്റാന്‍ഡില്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ അവളോട് പറഞ്ഞു ബിന്ദുവിനെ പരിചയപ്പെടുത്തി തരാമെന്ന്. ആ പെണ്‍കുട്ടി പോയികഴിഞ്ഞപ്പോള്‍ ബിന്ദു ചോദിച്ചു ലില്ലിയേച്ചിക്ക് എവിടെ നിന്നും കിട്ടി ഇങ്ങനെയോരെണ്ണത്തിനെ, മുഖം കണ്ടാല്‍ അറിയാം മുടിഞ്ഞ ജാഡ ആണെന്ന്. ജാഡയൊന്നുമല്ല നല്ല കുട്ടിയാണെന്ന് ഞാന്‍. എനിക്ക് പക്ഷേ അതൊന്നും ബിന്ദുവിനോട് പറയാനുള്ള സ്വരം കിട്ടുന്നില്ല. സംസാരിച്ചു സംസാരിച്ചു എന്‍റെ തൊണ്ടയിലെ വെള്ളം വറ്റിപോയിരിക്കുന്നു. സ്വരം അടഞ്ഞു പോയിരിക്കുന്നു. ഈശ്വരാ, ആ പെണ്‍കുട്ടിയോട് രണ്ടര മണിക്കൂര്‍ ലില്ലിയെച്ചി സംസാരിച്ചെന്നോ എന്ന് ബിന്ദു. ഒടുവില്‍ ഞാന്‍ കഴിഞ്ഞ മാസത്തെ കൂടികാഴ്ച പറഞ്ഞു. കുട്ടികളോട് കൂട്ടുകൂടുന്നത് കൊണ്ടായിരിക്കണം ആ പെണ്‍കുട്ടിയോട് സംവദിക്കാന്‍ എനിക്ക് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. അതുപറഞ്ഞപ്പോള്‍ ബിന്ദു പറഞ്ഞു ആ കുട്ടി കഴിഞ്ഞ ജന്മത്തില്‍ ലില്ലിയേച്ചിയുടെ ആരോ ആയിരിക്കണം, കൂട്ടുകാരിയോ അനുജത്തിയോ അങ്ങനെ ആരെങ്കിലും....അതേ കഴിഞ്ഞ ജന്മത്തിലെ എന്‍റെ ആരായിരുന്നു ആ പെണ്‍കുട്ടി?
സഫയര്‍ ഹോട്ടലില്‍ നിന്നും പത്തിരിയും മുളകിട്ട മീന്‍ കറിയും കഴിച്ച ശേഷം ഞങ്ങള്‍ ഒരു ഓട്ടോയില്‍ കയറി മ്യൂസിയത്തിലേക്ക് പോയി. പോകുന്ന വഴിക്ക് ബിന്ദു പറഞ്ഞു പൂരം കഴിഞ്ഞ പൂരപ്പറമ്പ് വേണമെങ്കില്‍ കണ്ടോ. മ്യൂസിയത്തില്‍ കാണാന്‍ ഒന്നുമുണ്ടായിരുന്നില്ല, ആനയുടെ അസ്ഥികൂടവും തിമിംഗലത്തിന്റെ താടിയെല്ലും മാത്രം. മൃഗശാലയില്‍ ടിക്കറ്റ് എടുത്തു പ്രവേശിച്ചപ്പോള്‍ ബിന്ദു പറഞ്ഞു ഇവിടെ കുറെ ഉണങ്ങിയ മൃഗങ്ങള്‍ മാത്രമേ ഉള്ളൂ, പ്രത്യേകിച്ച് കാണാന്‍ ഒന്നുമില്ല. അപ്പോഴാണ് മയില്‍ക്കൂട്ടം ശ്രദ്ധയില്‍ പെട്ടത്. ഞാന്‍ അവളോട് പറഞ്ഞു മയില്‍ ഉണ്ട്. എനിക്ക് കാണാന്‍ ഇതുമാത്രം മതി. മയില്‍ കൂട്ടിനടുത്തു ഞങ്ങള്‍ രണ്ടുപേരെ കൂടാതെ ഒരു കുടുംബം കൂടി ഉണ്ട്. ഞാന്‍ ബിന്ദുവിനോടു പറഞ്ഞു-ഇങ്ങനെ കണ്ടിട്ടെന്താ ഇതൊന്നു പീലി വിടര്‍ത്തിയിരുന്നെങ്കില്‍. ഈശ്വരാ, എന്തതിശയം അടുത്ത നിമിഷം ഒരു മയില്‍ മെല്ലെ മെല്ലെ പീലി വിടര്‍ത്തി. ബിന്ദു പറഞ്ഞു എന്തായാലും ലില്ലിയേച്ചി പറഞ്ഞത് മയില്‍ കേട്ടു. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന കുടുംബത്തിലെ നാലുപേരും മൊബൈല്‍ ക്യാമറ ആ ദൃശ്യാ വിസ്മയത്തിനു നേരെ ഫോക്കസ് ചെയ്തു. ബിന്ദുവും മൊബൈലില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. പക്ഷേ ദൈവമേ, എന്‍റെ ശ്വാസം ആ ഒരൊറ്റ കാഴ്ചയില്‍ നിലച്ചു പോയി. ആ ഒരു കാഴ്ച എന്‍റെ ജീവിതത്തില്‍ ഒരിക്കലും എന്‍റെ കണ്ണുകളില്‍ നിന്നും ശ്വാസത്തില്‍ നിന്നും മാഞ്ഞു പോവുകയില്ല. ആയിരം കണ്ണുകള്‍ വിടര്‍ത്തിയുള്ള ആ നില്‍പ്പ്. കണ്ണുകളിലെ അഹന്ത. അടുത്ത നിമിഷം അത് ഗര്‍വോടെ പീലി താഴ്ത്തുകയും ചെയ്തു. ഞാന്‍ ബിന്ദുവിനോട് പറഞ്ഞു എനിക്ക് ഈ ഒരൊറ്റ നിമിഷം മതി. ഇനി ഇവിടെ നിന്നും വേറൊന്നും കാണേണ്ടതില്ല.
അവിടെ ഡോക്ടര്‍ക്ക് വേണ്ടി ഒരു കെട്ടിടമുണ്ട്. കൂട്ടത്തില്‍ വൃത്തി അതിനാണ്. ഇളം തിണ്ണ ഉണ്ട്. തൊട്ടടുത്തു മൃഗശാലയ്ക്ക് ഉള്ളിലെ നിരത്ത്. അതിന് കഴിഞ്ഞാല്‍ മാന്‍ പേടകള്‍ മേയുന്നയിടം. അവിടെ ഇരുന്നാല്‍ മൃഗശാല കാണാന്‍ വരുന്ന മുഴുവന്‍ ആളുകളും ഞങ്ങള്‍ക്ക് എതിരെയാണ് വരുന്നത്. ഒരു ജീവനക്കാരന്‍ വന്നു പറഞ്ഞു ഡോക്ടര്‍ ഇപ്പോള്‍ വരും, അവിടെ നിന്നും മാറേണ്ടി വരും. വരുമ്പോഴല്ലേ, അപ്പോള്‍ മാറി കൊടുക്കാം എന്ന് ഞാന്‍. ആ വഴി പോകുന്ന ആളുകളെ നോക്കിയും സ്വരം താഴ്ത്തി ഓരോ കമന്റ് അടിച്ചും ഇരിക്കുന്നതിനിടയില്‍ ഞാന്‍ കുപ്പിയില്‍ നിന്നും വെള്ളമെടുത്തു മുഖം കഴുകി ഡോക്ടര്‍ വരുമ്പോഴേക്കും സുന്ദരി ആവട്ടെ എന്ന് തമാശയ്ക്ക് ബിന്ദുവിനോട് പറഞ്ഞു- വെറുതെ ഏഴു വര്‍ഷം പാഴായി പോയി, വര്‍ഷത്തിനു പോയി. അല്ലാതെ ഈ ലില്ലിയേച്ചിയുടെ സ്വഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ല. പണ്ടത്തെ അതേ കുരുത്തക്കേട്, പൊട്ടി ത്തെറിപ്പ്, കമന്റടി എല്ലാം അങ്ങനെതന്നെയുണ്ടെന്നു ബിന്ദു
അതിനിടെ ഞാന്‍ കവിതയെ വിളിച്ചു. ഞാന്‍ കോഴിക്കോട് ചെല്ലുമ്പോള്‍ കവിതയും ബിന്ദുവും ആണ് സുഹൃത്തുക്കള്‍. ഏറെ വൈകാതെ ഞാനും ബിന്ദുവും ഞാനും കവിതയും തമ്മിലായി സൗഹൃദം. ബിന്ദുവും കവിതയും ഞാനും പിരിഞ്ഞു പോയെങ്കിലും രണ്ട് പേരും എന്നെ വിളിക്കും. പക്ഷേ അവര്‍ തമ്മില്‍ പരസ്പരം വിളിയോ സംസാരമോ ഇല്ല. രണ്ടാളുടെയും വിശേഷങ്ങള്‍ ഞാന്‍ ആണ് പങ്കു വെക്കുന്നത്. ഞാന്‍ കവിതയോട് പറഞ്ഞു എന്‍റെ ഒരു കൂട്ടുകാരി അടുത്തുണ്ട്, കവിയെ പരിചയപ്പെടണം എന്ന് പറയുന്നു ഒന്ന് ഫോണ്‍ കൊടുക്കട്ടെ എന്ന്. കവിത ഉടനെ ആരാണെന്ന് പറഞ്ഞിട്ട് കൊടുത്താല്‍ മതിയെന്ന് പറഞ്ഞു തീരും മുമ്പേ ഞാന്‍ ബിന്ദുവിനു ഫോണ്‍ കൊടുത്തു. ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചു ഇരിക്കുന്നു എന്ന വാര്‍ത്ത കവിതയ്ക്ക് സഹിക്കാവുന്നതില്‍ അധികമായിരുന്നു. അവള്‍ ഒറ്റപെട്ടു പോയി എന്ന് തോന്നിയോ ആവോ? അല്ലെങ്കിലും കാസര്‍ഗോഡ് നിന്നും അവള്‍ക്കു വരാന്‍ കഴിയുമായിരുന്നില്ല.
ഫോണ്‍ കിട്ടിയ ഉടനെ ബിന്ദു കവീ, ഈ കുരിശ്ശിന്റെ സ്വഭാവം ഇനിയും മാറിയിട്ടില്ല, പണ്ടത്തെ പൊട്ടിത്തെറിപ്പ് അങ്ങനെ തന്നെ ഉണ്ട് വെറുതെ ഏഴു വര്‍ഷത്തിനു പോയി എന്ന് പറഞ്ഞു. കവിത ഉടന്‍ തിരുത്തി. ഏഴു വര്‍ഷമല്ല എട്ടു വര്‍ഷം. അതേ ഞങ്ങള്‍ പിരിഞ്ഞിട്ടു എട്ടു വര്‍ഷമായിരിക്കുന്നു. ബിന്ദു അടുത്ത പരാതി കൂടി പറഞ്ഞു ഞാന്‍ തടി വെച്ചിരിക്കുന്നു. കവിത ഉടനെ അപ്പുറത്തു നിന്നും വഴക്ക് പറഞ്ഞു രായിരനെല്ലൂര്‍ മല കയറാന്‍ വരുന്നുണ്ട്, അതിനും മുമ്പേ തടി കുറച്ചു പഴയതു പോലെ ആവണമെന്ന്. ബിന്ദുവിനു മാറ്റമൊന്നും ഉണ്ടായിരുന്നില്ല. കവിതയ്ക്കും മാറ്റമൊന്നും ഇല്ലെന്നു അവളും പറഞ്ഞു.
ബിന്ദു എനിക്ക് ഫോണ്‍ തരാതെ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ കവിതയെ തന്നെ ഓര്‍ക്കുകയായിരുന്നു. കോഴിക്കോട് ഹോസ്റ്റലില്‍ ഉള്ളപ്പോള്‍ വല്ലപ്പോഴും കവിത കാസര്‍ഗോഡ് പോകും. തിരിച്ചു വരുമ്പോള്‍ ട്രെയിനില്‍ നിന്നും കഴിക്കാന്‍ വാഴയിലയില്‍ ചോറ് പൊതിഞ്ഞു കൊണ്ട് വരും. പക്ഷേ അവിടെ നിന്നും കഴിക്കില്ല. ഹോസ്റ്റലില്‍ എത്തിയാല്‍ കുളി കഴിഞ്ഞു മുറിയില്‍ നിലത്തു ഒരു ന്യൂസ് പേപ്പര്‍ വിരിച്ചു വെച്ച ശേഷം എന്നെ വിളിക്കും. ഒരു ഇലയുടെ രണ്ട് ഭാഗത്തിരുന്നു ഞങ്ങള്‍ കഴിച്ചു തുടങ്ങും. പക്ഷേ കവിതയ്ക്ക് തൃപ്തി ആവില്ല, മതി കഴിച്ചത്, ഇനി ഞാന്‍ തരാം എന്ന് പറഞ്ഞു ചോറും കറികളും തോരനും എല്ലാം കുഴച്ചു ചെറിയ ചെറിയ ഉരുളകളായി എന്‍റെ വായില്‍ വെച്ചു തരും. വയര്‍ മാത്രമല്ല മനസ്സും നിറയും. അപ്പച്ചന്‍ ഉരുളച്ചോറ് തരുമായിരുന്നു. പക്ഷേ ഒരു നേരം കഴിക്കാനുള്ള ഭക്ഷണം എനിക്ക് ഉരുട്ടി വായില്‍ വെച്ചു തന്നിരുന്നത് കവിത മാത്രമായിരുന്നു. അതും ഞാന്‍ രണ്ട് കുട്ടികളുടെ അമ്മയായ ഒരുവള്‍ ആയിട്ടു പോലും. ആ ഓര്‍മ്മയില്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു. ഞാന്‍ ബിന്ദുവിനോട് പറഞ്ഞു എനിക്കൊന്നു ജീവിതത്തില്‍ തിരിച്ചു നടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.....! എത്ര കാലം പിറകോട്ടു നടക്കണം എന്ന് ബിന്ദു. ഞാന്‍ പറഞ്ഞു കോഴിക്കോട് ഹോസ്റ്റല്‍ വരെ മാത്രം. ആ കാലം വരെ മതി. ബിന്ദു പറഞ്ഞു അതേ, കോഴിക്കോട്ടെ വൈകുന്നേരങ്ങള്‍ മാത്രം മതി. അപ്പോള്‍ ഞാന്‍ പറഞ്ഞു വൈകുന്നേരങ്ങള്‍ മാത്രം പോരാ.....നട്ടുച്ചയ്ക്ക് ബീച്ചില്‍ പോയിരുന്നത്, മറ്റൊരു നട്ടുച്ചയ്ക്ക് കടലില്‍ മഴ പെയ്യുന്നത് കാണാന്‍ കുട ചൂടി ഞാനും കവിതയും തീരത്ത് നിന്നത്.....ഒടുവില്‍ കവിത കുട ഉപേക്ഷിച്ചു എന്ന തിരയിലേക്ക് കൈവലിച്ചു കൂട്ടികൊണ്ട് പോയത്, ഒരു തിര ആര്‍ത്തിരമ്പി വന്നപ്പോള്‍ ഞാന്‍ പേടിയോടെ തീരത്തേക്ക് ഓടി മറഞ്ഞത്.... പേടിത്തൊണ്ടി എന്ന് കവിത കളിയാക്കിയപ്പോള്‍ അങ്ങ് ദൂരെ രണ്ട് നക്ഷത്രക്കുട്ടികള്‍ എനിക്കായി കാത്തിരിക്കുന്നുണ്ടെന്ന് പറഞ്ഞത്.... എന്‍റെ സ്നേഹം.... എന്‍റെ ശ്വാസം.... എന്‍റെ ജീവിതം.... എന്‍റെ ജീവന്‍.... എന്‍റെ ചിന്ത എല്ലാ അവരാണെന്ന് പറഞ്ഞത്....
വൈകുന്നേരങ്ങളില്‍ മാനാഞ്ചിറയില്‍ ചെന്നിരുന്നു ആളുകളെ നര്‍മ്മബോധത്തോടെ നിരീക്ഷിച്ചത്....ഗ്രാമഫോണ്‍ സിനിമ കാണാന്‍ പോയി ഷോ തുടങ്ങാന്‍ വൈകിയപ്പോള്‍ എല്ലാവരും കൂവിയപ്പോള്‍ ആ കൂട്ടത്തില്‍ ഉറക്കെ കൂവാന്‍ മോഹിച്ചത് ...എസ് എം സ്ട്രീറ്റില്‍ നിന്നും സിന്ധുവും ഭാവി വരന്‍ ദിനേശനും ഞങ്ങള്‍ക്ക് ട്രീറ്റ് തന്നപ്പോള്‍ അമേരിക്കന്‍ ബാറിനു വില കൂടുതലായിരിക്കുമെന്നും അവരെ ഒരു പാഠം പഠിപ്പിക്കണമെന്നും കരുതി അതിന് ഓര്‍ഡര്‍ ചെയ്തത്....ഒടുവില്‍ ഒരു ചെറിയ ബോക്സില്‍ അമേരിക്കന്‍ ബാര്‍ വന്നപ്പോള്‍ അന്തിചിരുന്നത്.... കൈയില്‍ എടുക്കുമ്പോഴേക്കും തകര്‍ന്നു തരിപ്പണമായ അതുനോക്കി സിന്ധുവും ദിനേശനും കളിയാക്കി ചിരിപ്പോള്‍ കുടിക്കാന്‍ വെച്ച ഗ്ലാസിലെ വെള്ളത്തില്‍ കൈമുക്കി കടക്കാരന്റെ രൂക്ഷമായ നോട്ടം കണ്ടില്ലെന്നു നടിച്ചത്......നന്ദനം സിനിമ കാണാന്‍ ഇരിക്കുമ്പോള്‍ ഇത് കണ്ടില്ലേ അമ്മിക്കല്ലിന് കാറ്റു പിടിച്ചതുപോലെ മിണ്ടാതെ ഇരിക്കുന്നത് എന്ന് പറഞ്ഞു ബിന്ദു എന്നെ നുള്ളിയത്. മിണ്ടാതെ ഇരിക്കുകയായെങ്കില്‍ നടുക്ക് ഇരിക്കണ്ട അപ്പുറത്തേക്ക് മാറിയിരിക്കാന്‍ കവിത പറഞ്ഞപ്പോള്‍ വാശി പിടിച്ചു നടുക്ക് തന്നെ ഇരുന്നത്.... കൈയില്‍ കൈ കോര്‍ത്തു പിടിക്കാതെ ആ കൂട്ടുകാരികള്‍ എന്നെ വഴി നടത്തിയിരുന്നില്ല. ഞങ്ങളുടെ മൂന്ന് പേരുടെയും സ്വഭാവം മൂന്ന് തരത്തില്‍ ആയിരുന്നു. പക്ഷേ അടിസ്ഥാന സ്വഭാവം ഒരുപോലെയായിരുന്നു. ആരെയും പേടിക്കാത്ത ആ പ്രകൃതം തന്നെയായിരിക്കാം ഞങ്ങളെ ഒരുമിപ്പിച്ചത്. ഇന്നലെ ബിന്ദുവിന്റെ കൈകളില്‍ വിരല്‍ കോര്‍ത്തു അലഞ്ഞു നടക്കുമ്പോള്‍ മനസ്സില്‍ ഒരു മയില്‍ വീണ്ടും പീലി വിരിച്ചാടാന്‍ തുടങ്ങിയിരുന്നു. സഫയര്‍ ഹോട്ടലില്‍ നിന്നും ഒരു ചിക്കന്‍ ബിരിയാണി കൂടി കഴിച്ചു ബിന്ദുവിനോട് യാത്ര പറഞ്ഞു ബസ്സില്‍ കയറിയപ്പോള്‍ ഒരു മിസ്ഡ് കാള്‍ കിടക്കുന്നത് കണ്ടു. ശാന്തയാണ്. കോളേജില്‍ കൂടെ പഠിച്ചവള്‍. അവള്‍ തൃശ്ശൂരില്‍ ഉള്ള കാര്യം ഞാന്‍ മറന്നു പോയിരുന്നു. അവിടെ അത്രയും നേരം ഉണ്ടായിരുന്നു എന്ന് പറഞ്ഞപ്പോള്‍ ശാന്തയ്ക്ക് വിഷമം ആയി- നീ ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ നീ ഉള്ളയിടത്തെക്ക് ഞാന്‍ വരുമായിരുന്നു എന്ന് പറഞ്ഞു- ഇപ്പോള്‍ എനിക്ക് കോഴിക്കോട് വരെ തിരിച്ചു നടന്നാല്‍ പോരാ. കോളേജ് വരെ തിരിച്ചു നടക്കാന്‍ കഴിയട്ടെ. അതിനിടയിലെ ജീവിതത്തിലെ ദുരിതപര്‍വങ്ങള്‍ ഞാന്‍ മറന്നോളാം.....
1 comments:
vayichu
Post a Comment