
പണ്ട് യേശു ക്രിസ്തു തന്റെ അമ്മയോട് ചോദിച്ചു- സ്ത്രീയെ എനിക്കും നിനക്കും തമ്മിലെന്ത്? യേശുവിനു മറിയം തന്റെ അമ്മയാണെന്ന് അറിയാത്തത് കൊണ്ടല്ല ആ ചോദ്യം ചോദിച്ചത്. അമ്മയ്ക്കും അപ്പുറം ലോകത്തിനു വേണ്ടി അര്‍പ്പിക്കപ്പെട്ട ഒരാള്‍ക്ക് സ്വന്തം അമ്മയോട് ആ ചോദ്യം ചോദിക്കാതിരിക്കാന്‍ കഴിയില്ല. അതാണ് ഒരു വിപ്ലവകാരിയുടെ വഴി. ലോകത്തിലെ ആദ്യത്തെ വിപ്ലവകാരി യേശുവാണ്. അന്നത്തെ ഭരണകൂടങ്ങളെ വിറപ്പിച്ചവന്‍. അതുപോലെ ഒരു ചോദ്യം ഞാന്‍ വിപ്ലകാരിയല്ലെങ്കിലും ചോദിക്കാന്‍ ആഗ്രഹിക്കുന്നു- അണ്ണനും ബാബയ്ക്കും തമ്മിലെന്ത്?
അണ്ണാ ഹസാരെ തികഞ്ഞ ഗാന്ധിയന്‍ ആണെങ്കിലും പുതുതലമുറയ്ക്ക് അദ്ദേഹം തീര്‍ത്തും അന്യനായിരുന്നു. ഒരു സുപ്രഭാതത്തില്‍ അദ്ദേഹം അഴിമതിക്കെതിരെ ഇന്ദ്രപ്രസ്ഥത്തിലെ കണ്ണായ സ്ഥലമായ ജന്തര്‍ മന്ദറില്‍ നിരാഹാര സത്യാഗ്രഹം ഇരുന്നപ്പോള്‍ ഓരോ ഇന്ത്യക്കാരെന്റെയും സിരകളില്‍ ആവേശം കത്തിക്കയറി. അഴിമതിക്കെതിരെ രക്തം തരിച്ചു. നഗരങ്ങളും ഗ്രാമങ്ങളും വേരറ്റ പോലെ മനസ്സ് കൊണ്ടെങ്കിലും ആ സത്യാഗ്രഹ പന്തലിലേക്ക് കുതിച്ചു. ബ്രിട്ടീഷുകാരുടെ തീ തുപ്പുന്ന തോക്കുകള്‍ക്ക് മുമ്പില്‍ ഗാന്ധിജി നയിച്ച നിരാഹാരമെന്ന സമരമുറയ്ക്ക് ഇപ്പോഴും പ്രസക്തി നഷ്ടമായിട്ടില്ലെന്നു ലോകം തിരിച്ചറിഞ്ഞു. ഇന്ത്യയിലെ ഭരണകൂടത്തെ വിറപ്പിക്കാന്‍ ആ വൃദ്ധനായ ഗാന്ധിയന് കഴിഞ്ഞു. മറ്റു ലോകരാജ്യങ്ങളില്‍ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ ഇന്ത്യയിലേക്കും പടരാന്‍ ഒരു നിമിത്തം ആയേക്കാവുന്ന അണ്ണാ ഹാസാരെയുടെ സത്യാഗ്രഹം അതുകൊണ്ടു തന്നെ ഒരാഴ്ച തികയ്ക്കാന്‍ യു പി എ സര്‍ക്കാര്‍ അനുവദിച്ചില്ല. അതിനുമുമ്പേ അണ്ണാ ഹസാരെയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഭരണകൂടം തയ്യാറായി. അന്ന് അണ്ണന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പിലായാലും ഇല്ലെങ്കിലും ആ സത്യാഗ്രഹം ഉറങ്ങി കിടന്നിരുന്ന ഒരു ജനസമൂഹത്തെ ഉണര്‍ത്താന്‍ പര്യാപ്തമായിരുന്നു. രാഷ്ട്രീയം, അഴിമതി തുടങ്ങിയവയുടെ അര്‍ഥം എന്തെന്ന് പോലും അറിയാത്ത സ്കൂള്‍ കുട്ടികളടക്കം അണ്ണാ ഹസാരയെ നെഞ്ചിലേറ്റി. അതിലേറെയായിരുന്നു സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ അണ്ണാ ഹസാരെയുടെ അഴിമതിക്കെതിരെയുള്ള സമരത്തിന് ഇന്ത്യയിലെ യുവജനത നല്‍കിയ പിന്തുണ.
അതൊക്കെ കണ്ടപ്പോള്‍ അക്കരെ നിന്ന യോഗാ കച്ചവടക്കാരനായ ഒരു ഗുരുവിന്റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി എന്നാണ് പിന്നീട് നടന്ന സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. അണ്ണന്‍ സമരം ചെയ്തത് അഴിമതിക്കെതിരെ ആണെങ്കില്‍ യോഗാ ഗുരു ഇന്ത്യക്കാരുടെ വിദേശത്തുള്ള പണപ്പെട്ടിയില്‍ വരെ കണ്ണുനട്ടു. ഈലോക പ്രകൃതി സുഖവാസങ്ങള്‍ വെടിഞ്ഞ വ്യക്തിയായതിനാല്‍ പതിനെട്ട് കോടി മുടക്കി എല്ലാ ആധുനിക സുഖ സൌകര്യങ്ങളോടും കൂടിയ ഒരു സമരപന്തല്‍ ഉണ്ടാക്കി. അവിടെ അടങ്ങിയൊതുങ്ങിയിരുന്നു നിരാഹാരം സമരം നയിക്കേണ്ടതിനു പകരം പല ആസനങ്ങളും നിറഞ്ഞ ക്യാമറ കണ്ണുകളിലൂടെ ലോകത്തിനു കാട്ടികൊടുത്തു. വിശപ്പ് സഹിക്കാന്‍ കഴിയാത്ത പ്രകൃതമായതിനാല്‍ സത്യാഗ്രഹം ഇരിക്കുന്ന അന്ന് ഉച്ചക്ക് സമരം അവസാനിപ്പിക്കുമെന്ന് ഭരണകൂടത്തിനു തലേന്ന് തന്നെ ഒരു താമരയിലയില്‍ എഴുതി കൊടുത്തു. ദാഹിച്ചപ്പോള്‍ സമരം അവസാനിപ്പിച്ചു എന്ന് പറഞ്ഞു വെള്ളം കുടിച്ചു. അതിനിടിയില്‍ ഭരണകൂടം മഹര്‍ഷി താമരയിലയില്‍ എഴുതികൊടുത്ത പ്രണയലേഖനം പുറത്തു വിട്ടു. എന്തൊരു കൊടും ചതിയാണ് പുറംലോകത്തിന്റെ കാപട്യം അറിയാത്ത ആ പിഞ്ചിളം സ്വമിജിയോടു കപില്‍ സിബിലിനെ പോലെയുള്ള ഭരണകര്‍ത്താക്കള്‍ ചെയ്തത്. അദ്ദേഹം ഞെട്ടിപ്പോയി. പിണങ്ങി. വിശ്വാസവഞ്ചന കാണിച്ചതിനാല്‍ സമരം തുടരുമെന്ന് പ്രഖ്യാപിച്ചു. അവിടെയിരുന്നു കുറെ സര്‍ക്കസ് കാണിച്ചപ്പോള്‍ പോലീസിന്‍റെ കൈത്തരിച്ചു.അടിയന്തരാവസ്ഥ കാലത്തെ ഓര്‍മ്മിപ്പിക്കും വിധം അവര്‍ അര്‍ദ്ധരാത്രിയില്‍ സ്വാമിയുടെ സമരപന്തലായ രാംലീല മൈതാനത്ത് ചില ലീലകള്‍ ആടി. ഉടനെ ഗുരു അവിടെയുണ്ടായിരുന്ന സ്ത്രീകളില്‍ അഭയം പ്രാപിച്ചു. പിന്നെ പുരുഷനില്‍ നിന്നും നിന്നും സ്ത്രീയിലേക്കുള്ള പരകായപ്രവേശം. വെളുത്ത ചുരിദാറില്‍ തലമറച്ചു മോഹിനിയായി ഒരു ഇരിപ്പ്. പോലീസല്ലേ ജാതി, ഒരു മോഹിനി ഇരിക്കുന്നത് കണ്ടു അടുത്തു കൂടി. പരിക്ക് പറ്റിയിട്ടുണ്ടെങ്കില്‍ ആശുപത്രിയില്‍ കൊണ്ടുപോകാം എന്നറിയിച്ചു. മോഹിനി തലവെട്ടിച്ചു പ്രതിഷേധം അറിയിച്ചപ്പോഴാണ് പോലീസ് യോഗഗുരുവിന്റെ വേഷപകര്‍ച്ച കണ്ടു ഞെട്ടിയത്. ക്യാമറക്കണ്ണിലൂടെ സമരം ചെയ്തു ഭരണകൂടത്തെ വിറപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഗുരുവിന്റെ വേഷപ്പകര്‍ച്ചയ്ക്ക് മുമ്പില്‍ ലോകം തരിച്ചു നിന്നു.
നാട്ടിന്‍ പുറത്ത് ഒരു ചൊല്ല് ഉണ്ട്. ആന വായ പൊളിക്കുന്നത് കണ്ടു അണ്ണാന്‍ വായ പൊളിക്കരുതെന്ന്. ഇപ്പോള്‍ അണ്ണന്‍ വായ പൊളിക്കുന്നത് കണ്ടു യോഗഗുരു വായ പൊളിക്കരുതെന്ന് ആ പഴഞ്ചൊല്ല് മാറിയത്രെ. ലോകത്തിനു മുമ്പില്‍ ഗാന്ധിയന്‍ എന്നറിയപ്പെടുന്ന ഒരാളും കള്ളസ്വാമി എന്ന് മുഖത്തു ലേബല്‍ എഴുതി ഒട്ടിച്ചവിധം മുഖമുള്ള ഒരാളും ഒരേ ആവശ്യത്തില്‍ ഒരേ സമരമുറ സ്വീകരിച്ചാല്‍ ഭരണകൂടവും ജനങ്ങളും എങ്ങനെ പ്രതികരിക്കും എന്നും ബാബയുടെ അഭ്യാസങ്ങള്‍ തെളിയിച്ചിരിക്കുന്നു. അഴിമതിയില്‍ മുങ്ങി കുളിച്ചാണ് യു പി എ ഭരണകൂടം മുന്നോട്ട് പോകുന്നത്. അതുകൊണ്ടുതന്നെ ജനപ്രിയ സമരമുറകളെ അവര്‍ ഭയക്കുന്നുമുണ്ട്. അണ്ണാ ഹസാരെയ്ക്ക് മുമ്പില്‍ മുട്ടു മടക്കിയെങ്കിലും യോഗ ഗുരുവിന്റെ മുട്ട് തല്ലിയൊടിക്കാന്‍ ആണ് യു പി എ സര്‍ക്കാര്‍ തയ്യാറായത്. അവിടെയാണ് എന്തൊക്കെ പറഞ്ഞാലും യു പി എ സര്‍ക്കാരിന്‍റെ നയതന്ത്രം വ്യക്തമാക്കുന്നത്. ബാബയുടെ നേരെ പ്രയോഗിച്ച ലാത്തി അണ്ണന് നേരെ ഉയര്‍ത്തിയിരുന്നെങ്കില്‍ ഭരണകൂടം മൂക്കും കുത്തി താഴെ വീഴുമായിരുന്നു. ബാബയെ തല്ലിയോടിച്ചപ്പോള്‍ കുറെ ബി ജെ പിക്കാര്‍ സത്യാഗ്രഹം ഇരുന്നു, സുഷമ സ്വരാജ് സരമം തുടങ്ങി ഉറക്കം തൂങ്ങിയപ്പോള്‍ അത് മറികടക്കാന്‍ രാജ്ഘട്ടില്‍ നൃത്തം ചെയ്തു എന്നതൊഴിച്ചാല്‍ ലോകത്ത് ഒന്നും നടന്നില്ല. യു പി എ സര്‍ക്കാരിന്‍റെ പിടിപ്പുകേടാണ് അര്‍ദ്ധരാത്രി സമരം ചെയ്തവരെ അടിചോടിച്ചതെങ്കിലും പേരിനും പ്രശസ്തിക്കും വേണ്ടി ബാബാ രാം ദേവിനെ പോലെ നാളെ ന്യൂഡല്‍ഹിയില്‍ വന്നു സമരം ചെയ്യാന്‍ ഇടയുള്ള സന്ന്യാസിമാര്‍ക്കും മുല്ലാക്കമാര്‍ക്കും പാതിരിമാര്‍ക്കും വളരെ വ്യക്തമായ നയം ഇതിലൂടെ വ്യക്തമാക്കി കൊടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. പക്ഷേ ഒരു ചെറിയ പാര്‍ട്ടിയുടെഅഴിമതിയുടെ കറപുരളാത്ത ഒരു നേതാവാണ് അങ്ങനെ സത്യാഗ്രഹം ഇരുന്നതെങ്കില്‍ ചിത്രം വേറെയൊന്നു ആകുമായിരുന്നു. പറഞ്ഞു വന്നത് വേറെയൊന്നുമല്ല അഴിമതിക്കെതിരെ സമരം ഇരിക്കുന്നവര്‍ക്കും മിനിമം യോഗ്യതകള്‍ ഉണ്ടായിരിക്കണം. അവര്‍ക്കേ ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിച്ചു ഒരു ഭരണകൂടത്തെ വിറപ്പിക്കാന്‍ കഴിയുകയുള്ളൂ. കള്ളസ്വാമിമാര്‍ സമരം ചെയ്‌താല്‍ സമരപന്തലില്‍ നിന്നും ഇതുപോലെ സാരിയുടുത്തു പുറത്തിറങ്ങേണ്ടി വരും.
തുടക്കം മുതല്‍ ഒടുക്കം വരെ ഒരു കോമാളി വേഷം കെട്ടിയാടിയ ബാബാ ഗുരുദേവിനു നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചു ഇന്ന് അണ്ണാ ഹസാരെ നിരാഹാരം ഇരിക്കുകയാണ്. കഴിഞ്ഞ ഏപ്രിലില്‍ അണ്ണാ ഹാസാരെ സത്യാഗ്രഹം ഇരുന്നപ്പോള്‍ ഒരു രാജ്യം മുഴുവന്‍ അണ്ണന്റെ പിന്നില്‍ അണിനിരന്നിരുന്നു. ബാബയെ പോലെ ഒരു കള്ള സന്ന്യാസിക്ക് വേണ്ടി അണ്ണാ ഹാസരെ സത്യാഗ്രഹം ഇരിക്കുമ്പോള്‍ ആ പിന്തുണ അണ്ണന് കിട്ടണമെന്നില്ല. പക്ഷേ ഇതിനൊക്കെ അപ്പുറം അഴിമതി ഒരു ഹിമാലയം പോലെ ഇന്ത്യയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നത് എന്താണ് എന്നും എന്തുകൊണ്ട് അണ്ണാ ഹസാരെയും ബാബ രാം ദേവും അഴിമതിക്കെതിരെ സത്യാഗ്രഹം ഇരിക്കേണ്ടി വരുന്നു എന്നും നമ്മള്‍ ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. അതിന് ഒരൊറ്റ ഉത്തരമേ ഉള്ളൂ-ദുര്‍ബലമായ പ്രതിപക്ഷം. അഴിമതിക്കെതിരെ സമരം ചെയ്യേണ്ട പ്രതിപക്ഷത്തിരിക്കുന്ന സുഷമാ സ്വരാജിനെ പോലെയുള്ളവര്‍ നൃത്തം ചെയ്തു ആഹ്ലാദിക്കുമ്പോള്‍ ഇടതുപക്ഷം പണ്ടേ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണിയും എന്ന് പറഞ്ഞതുപോലെ അവരുടെ നയങ്ങളും നടപടികളും കൊണ്ടു ഒന്നുകൂടി ദുര്‍ബലമായിരിക്കുമ്പോള്‍ ഇവിടെ വീണ്ടും ബാബ രാം ദേവിനെ പോലെയുള്ളവര്‍ കോടികള്‍ മുടക്കി അഴിമതിക്കെതിരെ സമരം ചെയ്യുന്നത് നമ്മള്‍ കാണേണ്ടി വരും-കോമാളികളെ പോലെ.
13 comments:
This is the Real Story, Thank you very much for your wide article.
Shine narayan
"അഴിമതിക്കെതിരെ സമരം ചെയ്യേണ്ട പ്രതിപക്ഷത്തിരിക്കുന്ന സുഷമാ സ്വരാജിനെ പോലെയുള്ളവര്‍ നൃത്തം ചെയ്തു ആഹ്ലാദിക്കുമ്പോള്‍ ഇടതുപക്ഷം പണ്ടേ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണിയും എന്ന് പറഞ്ഞതുപോലെ അവരുടെ നയങ്ങളും നടപടികളും കൊണ്ടു ഒന്നുകൂടി ദുര്‍ബലമായിരിക്കുമ്പോള്‍ ഇവിടെ വീണ്ടും ബാബ രാം ദേവിനെ പോലെയുള്ളവര്‍ കോടികള്‍ മുടക്കി അഴിമതിക്കെതിരെ സമരം ചെയ്യുന്നത് നമ്മള്‍ കാണേണ്ടി വരും-കോമാളികളെ പോലെ. "
അതെ , താങ്കള്‍ അത് പറഞ്ഞു കഴിഞ്ഞിരിക്കുന്നു...!
രാഷ്ട്രീയ നാടകങ്ങൾക്കപ്പുറം പ്രതിപക്സത്തിന് ഒന്നും ചെയ്യാനാകില്ല. ശവപെട്ടി മുതൽ എത്ര കുംഭകോണങ്ങൾ പൊന്തിവരും? അപ്പോൾ ബാബമാരുടെ പിറകെ പോകാനെ വിവൃത്തിയുള്ളൂ...ബാബമാരാകുമ്പൊൾ തീവ്രവാദികളെ ഉപയോഗപെടുത്തി മുതലെടുപ്പ് നടത്താനും കഴിയും.
ഇന്ന് അധികാരം എന്നാൽ അഴിമതിക്കുള്ള ലൈസൻസ് എന്നായിരിക്കുന്നു!
ഇതെല്ലാമാണു ജനാധിപത്യത്തിന്റെ ദോഷങ്ങള്‍.അഴിമതി നടത്തുന്നത് തടയുവാനോ കുറ്റം ചെയ്തവര്‍ക്ക് തക്ക ശിക്ഷ നല്‍കുവാനോ കഴിയാത്ത നാണം കെട്ട വ്യവസ്ഥ.പേരിനൊരു നിയമവും കോടതിയുമൊക്കെയുണ്ടെന്ന്‍ പറയപ്പെടുന്നു.എന്തു ഫലം.അഴിമതിയും കുറ്റകൃത്യങ്ങലും കൂടുന്നതല്ലാതെ തരിമ്പും കുറയുന്നില്ലല്ലോ.ഇനിയും പല പല ബാബമാരുടേയും അണ്ണമ്മാരുടേയും കോപ്രായങ്ങള്‍ നമ്മള്‍ കാണേണ്ടിവരും...
ഇനി എന്തൊക്കെ കാണണം ...കേള്‍ക്കണം !
പ്രതിപക്ഷവും കൊള്ളാം ഭരണപക്ഷവും കൊള്ളാം..................നമുക്ക് ഒരു നവ മുന്നണിക്കായി കാത്തിരിക്കാം
താന് ഇരിക്കേണ്ട സ്ഥലത്ത് താന് ഇരുന്നില്ലെങ്കില് അവിടെ നായ കേറിയിരിക്കും എന്നൊരു ചൊല്ലുണ്ടല്ലൊ. അതില് നായ എന്ന വാക്ക് ഞാന് പിന് വലിച്ചുകൊണ്ട് പറയട്ടെ. നമ്മുടെ പ്രതിപക്ഷം ചെയ്യേണ്ട കാര്യങ്ങള് ചെയ്യാത്തതുകൊണ്ട് സംഭവിക്കുന്നതും എന്നാല് അഭിലഷണീയമല്ലാത്തതുമായ സംഗതികളാണിതെല്ലാം. അദ്ധ്യാത്മികതയും അഴിമതിയും ഒരുപോലെ വളരുകയാണ് നമ്മുടെ നാട്ടില്. സാന്പത്തിക നേട്ടത്തിലപ്പുറം ഒരു ധാറ്മ്മികതയിലും വിശ്വസിക്കാത്ത സമൂഹമായി നാം മാറുകയാണോ?
ആദ്യം കാലുപിടിക്കുകയും, പിന്നെ ഉറക്കത്തില് കഴുത്ത് ഞെരിക്കുകയും ചെയ്യുന്ന യു.പി എ സറ്ക്കാരിന്റെ തന്ത്രത്തെ പ്രകീറ്ത്തിച്ചതിലും, ആദ്യ വിപ്ളവകാരി ജീസസാണെന്ന പ്രസ്ഥാവനയിലും വിയോചിപ്പും രേഖപ്പെടുത്തുന്നു. ജീസസ് മഹാനായ വിപ്ളവകാരിയാണ്. പക്ഷെ ആദ്യത്തെ വിപ്ളവകാരിയായിരുന്നോ?
താന് ഇരിക്കേണ്ട സ്ഥലത്ത് താന് ഇരുന്നില്ലെങ്കില് അവിടെ നായ കേറിയിരിക്കും എന്നൊരു ചൊല്ലുണ്ടല്ലൊ. അതില് നായ എന്ന വാക്ക് ഞാന് പിന് വലിച്ചുകൊണ്ട് പറയട്ടെ. നമ്മുടെ പ്രതിപക്ഷം ചെയ്യേണ്ട കാര്യങ്ങള് ചെയ്യാത്തതുകൊണ്ട് സംഭവിക്കുന്നതും എന്നാല് അഭിലഷണീയമല്ലാത്തതുമായ സംഗതികളാണിതെല്ലാം. അദ്ധ്യാത്മികതയും അഴിമതിയും ഒരുപോലെ വളരുകയാണ് നമ്മുടെ നാട്ടില്. സാന്പത്തിക നേട്ടത്തിലപ്പുറം ഒരു ധാറ്മ്മികതയിലും വിശ്വസിക്കാത്ത സമൂഹമായി നാം മാറുകയാണോ?
ആദ്യം കാലുപിടിക്കുകയും, പിന്നെ ഉറക്കത്തില് കഴുത്ത് ഞെരിക്കുകയും ചെയ്യുന്ന യു.പി എ സറ്ക്കാരിന്റെ തന്ത്രത്തെ പ്രകീറ്ത്തിച്ചതിലും, ആദ്യ വിപ്ളവകാരി ജീസസാണെന്ന പ്രസ്ഥാവനയിലും വിയോചിപ്പും രേഖപ്പെടുത്തുന്നു. ജീസസ് മഹാനായ വിപ്ളവകാരിയാണ്. പക്ഷെ ആദ്യത്തെ വിപ്ളവകാരിയായിരുന്നോ?
ANY WAY , I SUPPORT ANNA HAZARE ... NO OTHER CHOICE FOR THE HELPLESS INDIANS ...
അന്ന ഹസാരെ...നടത്തിയ സമരവും സ്പോണ്സര്‍ ചെയ്യപ്പെട്ടതാണോ എന്ന് സംസയിക്കെണ്ടിരിക്കുന്നു....കള്ളനും ഗാന്ധിയനും സന്ധി ചെയ്യുന്ന ഈ പുതിയ ചുറ്റുപാടില്‍ അങ്ങനെ ചിന്തിക്കാനേ കഴിയുന്നുള്ളൂ.....
chechi paranjathu valare shariyanu...
azhimathikkethire poruthaan rajyathinte nanmaye udheshichu samaram cheyyunnavarke kazhiyoo koode kurachu prashasthi ullavanumaayirikkanam, allenkil aa samaram thalli othukkaan ividuthe policinum governmentinum athikam thala pukakkendi varilla.
shihab
jeddah.
email: shihaabu@gmail.com
Post a Comment