Thursday, 23 June 2011

വീണ്ടും ചില വീട്ടുകാര്യങ്ങള്‍

ഇന്നലെ മൂത്ത മോന്‍ മിഥു മോന്റെ കൂടെ പഠിക്കുന്ന നീരജിന്റെ അച്ഛനും അമ്മയും എന്നെ കാണാന്‍ വന്നിരുന്നു. അവര്‍ താമസിക്കുന്നത് മുംബൈയില്‍ ആണ്. കഴിഞ്ഞ ഒരാഴ്ചയായി നീരജ് മോന്റെ കൂടെ ഇവിടെ ഉണ്ടായിരുന്നു. അവര്‍ മുംബൈയില്‍ നിന്നും രാവിലെയെത്തി. നീരജ് രാവിലെ റെയില്‍വേ സ്റ്റേഷനില്‍ പോയി. ഉച്ചക്ക് മൂന്ന് പേരും എന്നെ കാണാന്‍ വന്നു. അവര്‍ വീട്ടിലേക്കു വരുന്നുണ്ടെന്ന് വിളിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ ആകെ ആധിയിലായി. കാരണം മോന്‍ രാവിലെ വയനാട്ടിലേക്ക് പോയിരുന്നു. നീരജും പോയതോടെ എന്‍റെ ബ്രേക്ക്‌ ഫാസ്റ്റ് ഒരു കട്ടന്‍ ചായയില്‍ ഒതുങ്ങി. കുട്ടികള്‍ വീട്ടില്‍ ഇല്ലെങ്കില്‍ എന്‍റെ ഭക്ഷണം അങ്ങനെയൊക്കെയാണ്. വെച്ചാല്‍ വെച്ചു. കഴിച്ചാല്‍ കഴിച്ചു. അത്രമാത്രം. അവര്‍ വീട്ടില്‍ ഉണ്ടെങ്കില്‍ എനിക്ക് ഒരു മിനിറ്റ് പോലും വിശ്രമം ഉണ്ടാവില്ല. എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കി കൊടുത്തു കൊണ്ടിരിക്കും. കുട്ടികള്‍ രണ്ടുപേരും എന്നോട് പറയാറുണ്ട്‌ അവര്‍ വ്യായാമം ഒക്കെ ചെയ്തു ശരീരം ഫിറ്റ്‌ ആക്കി വരും, പക്ഷേ അമ്മയുടെ അടുത്തു വന്ന് ഒരാഴ്ച നിന്നാല്‍ മതി തടി വെക്കും എന്ന്. നീരജിന്റെ അമ്മയും അതുതന്നെ പറഞ്ഞു-നീരജ് പറഞ്ഞത്രേ ഹോസ്റ്റലില്‍ നിന്നും വരുമ്പോള്‍ അവന്‍ മെലിഞ്ഞിരുന്നു, ആന്റിയുടെ ഒരാഴ്ചത്തെ ഫുഡ്‌ ആണ് അവനെ തടിപ്പിച്ചതെന്ന്. അങ്ങനെയുള്ള ഒരു വീട്ടിലേക്കു അവര്‍ വരുമ്പോള്‍ കൊടുക്കാന്‍ ഞാന്‍ ഒന്നും ഉണ്ടാക്കിയിട്ടില്ല. ഞാന്‍ ഒന്നും കഴിച്ചിട്ടുമില്ല. ആധിയില്‍ വെന്തുരുകി നില്‍ക്കുമ്പോള്‍ നീരജ് അടുത്ത വാചകം പറഞ്ഞു ആന്റി ഒന്നും ഉണ്ടാക്കണ്ട, ഞങ്ങള്‍ പുറത്തു നിന്നും ഭക്ഷണം കഴിച്ചിട്ടാണ് വരുന്നതെന്ന്.


അവര്‍ വന്നു. അച്ഛനും അമ്മയും മകനും. കുറച്ചു നേരം എന്നോട് സംസാരിച്ചിരുന്നു. നീരജിന്റെ അമ്മ കണ്ണൂര്‍ സ്വദേശിനിയാണ്. നീരജിനു ഇങ്ങനെ ഇടയ്ക്ക് വന്ന് നില്‍ക്കാന്‍ ഒരു വീട് ഉള്ളത് അവരെ ഏറെ ആശ്വസിപ്പിക്കുന്നുണ്ട് എന്ന് പറഞ്ഞു. മിഥു മോന്റെ കൂടെ അവധി ദിവസങ്ങളില്‍ എല്ലാം നീരജ് വരാറുണ്ട്. ഇളയ മോന്‍ നിതിന്‍ ഇത്തവണ മുംബൈയില്‍ പോയപ്പോള്‍ നീരജിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇറങ്ങും മുമ്പ് നീരജിന്റെ അമ്മ എന്‍റെ കൈയില്‍ ഒരു പൊതി തന്നു. എന്നിട്ട് പറഞ്ഞു വേറെ ഒന്നും ഞങ്ങള്‍ കൊണ്ട് വന്നിട്ടില്ല, ഇതൊന്നു നോക്കൂ, കളര്‍ ഇഷ്ടപ്പെടുമോ എന്ന് നോക്കൂ ഇല്ലെങ്കില്‍ മാറ്റി വാങ്ങാം. മോന്‍ പറഞ്ഞു ആന്റി കോട്ടന്‍ സാരിയാണ് ഉടുക്കുന്നതെന്ന് . അങ്ങനെ പറഞ്ഞെങ്കിലും എന്‍റെ കൈയില്‍ തന്നത് മെറൂണ്‍ നിറത്തിലുള്ള വില കൂടിയ ഒരു പട്ടുസാരിയാണ് . ഞാന്‍ പട്ടു സാരി ഒരിക്കലെ ഉപയോഗിച്ചിട്ടുള്ളൂ. എന്‍റെ അനുജത്തിയുടെ ഷേര്‍ളിയുടെ വിവാഹത്തിന്. അന്ന് എന്തോ ഒരു തോന്നല്‍ ആയിരുന്നു പട്ടു സാരി വേണം, തലയില്‍ നിറയെ മുല്ലപ്പൂവ് വേണം എന്നൊക്കെ. ആ സാരിയും ചുറ്റി മണവാട്ടി പെണ്ണിനേക്കാള്‍ കൂടുതല്‍ പൂവ് ഞാന്‍ തലയില്‍ ചൂടുന്ന ഒരു ഫോട്ടോ ഉണ്ട്, അനുജത്തിയുടെ വിവാഹഫോട്ടോയില്‍ എല്ലാവരെയും ആകര്‍ഷിച്ച ഒരു ഫോട്ടോ ആയിരുന്നത്. പിന്നീട് ഞാന്‍ ആ സാരി ഉടുത്തിരുന്നില്ല. അനുജന്‍ ജോസിന്റെ കല്യാണത്തിനും ഞാന്‍ പതിവ് പോലെ കോട്ടന്‍ സാരിയാണ് ധരിച്ചത്. അമ്മ കുറെ പറഞ്ഞു ചെറുക്കന്റെ മൂത്ത പെങ്ങള്‍ എന്ന് പറഞ്ഞു ആളുകള്‍ പരിചയപ്പെടുമ്പോള്‍ ഒരു നല്ല സാരി എങ്കിലും ഉടുക്ക് എന്ന്. ഞാന്‍ അമ്മയോട് പറഞ്ഞു ഈ സാരി ഉടുത്തു നില്‍ക്കുന്നത് കണ്ടു ആളുകള്‍ പരിചയപ്പെടുകയാനെങ്കില്‍ പരിചയപ്പെട്ടാല്‍ മതിയെന്ന്. അങ്ങനെയുള്ള എനിക്കാണ് അവര്‍ അത്രയും നല്ലൊരു പട്ടു സാരി സമ്മാനിച്ചത്. എന്തായാലും ആ സാരി ഉടുക്കണമെന്നു തീരുമാനിച്ചു വൈകിട്ട് അതിന്‍റെ അരികു അടിക്കാന്‍ കൊണ്ട് പോയപ്പോള്‍ തയ്യല്‍ക്കാരി ചേച്ചിയുടെ ഭര്‍ത്താവ് ലില്ലി ഇങ്ങനെയുള്ള സാരിയൊക്കെ ഇടുക്കുമോ എന്ന് ചോദിച്ചു. അത്രയ്ക്ക് ആളുകള്‍ക്ക് പരിചയം ആണെന്ന് തോന്നുന്നു എന്‍റെ കോട്ടന്‍ സാരി പ്രിയം. കോട്ടന്‍ സാരികള്‍ എനിക്ക് ഇടയ്ക്ക് ബിന്ദു അടക്കമുള്ള സുഹൃത്തുക്കള്‍ സമ്മാനിക്കാറുണ്ട്. ഇതുപോലെ ഒന്ന് ആദ്യമായാണ്‌. അതുകൊണ്ടു തന്നെ ഞാന്‍ പറഞ്ഞു ഗിഫ്റ്റ് കിട്ടിയതാണ്, അത്രയും സ്നേഹത്തോടെ തന്നതാണ് . എന്തായാലും അതുടുക്കുമെന്ന്. നീരജും അമ്മയുമൊക്കെ ഇറങ്ങാന്‍ നേരം എന്നോട് വീണ്ടും ചോദിച്ചു ഇനി എപ്പോഴാണ് ഭക്ഷണം കഴിക്കുക. മണി മൂന്നായല്ലോ എന്ന്. കഴിക്കാം എന്ന് ഞാന്‍ പറഞ്ഞു.



പക്ഷേ വീട്ടില്‍ എന്തെങ്കിലും വെച്ചു കഴിക്കാനുള്ള ഒരു മാനസികാവസ്ഥയല്ല എനിക്ക് അപ്പോള്‍ ഉണ്ടായിരുന്നത്. അതിനു കാരണം മിനിയാന് രാത്രി പൊടുന്നനെ എന്‍റെ നാവിന്‍ത്തുമ്പില്‍ ഒരു രുചി വന്നു നിറഞ്ഞതാണ്‌. ഇരുപത്തിയഞ്ചോ അതിലേറെയോ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഉച്ചയ്ക്ക് ചേച്ചി ഒരു സ്പെഷ്യല്‍ കറി ഉണ്ടാക്കി തന്നു. കാഴ്ചയില്‍ പനീര്‍ കറി പോലെ തോന്നിയെങ്കിലും ഒരു പപ്പടം കൊണ്ടുണ്ടാക്കിയ കറി ആയിരുന്നു. പപ്പടം തുടച്ചു മടക്കി അറ്റം വെള്ളംകൊണ്ട് ഒട്ടിച്ചിരുന്നു. സവാള, പച്ചമുളക്, കറി വേപ്പില എന്നിവ വഴറ്റി അതില്‍ മുളകു പ്പൊടി, മഞ്ഞള്‍ പൊടി, മല്ലി പൊടി എന്നിവയും ചേര്‍ത്തു വഴറ്റി തേങ്ങ അരച്ചതും ചേര്‍ത്തിരുന്നു. ഒരിക്കല്‍ മാത്രമേ ചേച്ചി അത്‌ ഉണ്ടാക്കി തന്നുള്ളൂ.പിന്നീടൊരിക്കല്‍ പറഞ്ഞപ്പോള്‍ തക്കാളി ഇല്ല എന്ന് പറഞ്ഞു ചേച്ചി അങ്ങനെയായിരുന്നു, എല്ലാ ചേരുവകളും ഉണ്ടെങ്കിലേ ഒരു കറി ഉണ്ടാക്കുകയുള്ളൂ. ചേച്ചി മരിച്ചിട്ട് ഇപ്പോള്‍ പതിനഞ്ചിലേറെ- അതിലും കൂടാന്‍ ആണ് സാധ്യത. പക്ഷേ ഒരിക്കലും ഞാന്‍ ചേച്ചിയും അപ്പച്ചനും മരിച്ച ശേഷമുള്ള വര്‍ഷങ്ങള്‍ കണക്ക് കൂട്ടാറില്ല-ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞു. പൊടുന്നനെ ആ രുചി മിനിയാന്ന് രാത്രിയില്‍ എന്‍റെ നാവിന്‍ ത്തുമ്പില്‍ എങ്ങനെ വന്ന് നിറഞ്ഞു എന്നെനിക്കു മനസ്സിലായില്ല. അതുകൊണ്ടു ഇന്നലെ രാവിലെ മുതല്‍ രാത്രി എട്ടര വരെ ഞാന്‍ എന്‍റെ ഭക്ഷണം ഒരു കട്ടന്‍ ചായയില്‍ ഒതുക്കി. വേറെ എന്തെങ്കിലും കഴിച്ചാല്‍ ആ രുചി മാഞ്ഞു പോകുമോ എന്നൊരു ചിന്ത എന്നെ ആഴത്തില്‍ പിടികൂടി. വീട്ടില്‍ ഇന്നലെ പകല്‍ തക്കാളി ഉണ്ടായിരുന്നില്ല. വൈകിട്ട് ഞാന്‍ പോയി തക്കാളി വാങ്ങി വന്നു. ഇന്ന് രാവിലെയും ഒന്നും കഴിച്ചില്ല. ഉച്ചയ്ക്ക് ചേച്ചി ഉണ്ടാക്കി തന്നത് പോലെ പപ്പടം കൊണ്ട് ഞാന്‍ ഒരു കറി ഉണ്ടാക്കി. അതേ രുചി. അതിനുശേഷമാണ് ഞാന്‍ ഊണ് കഴിച്ചത്. ചിലര്‍ അങ്ങനെയാണ് കടന്നുപോയി കാലമെത്ര കഴിഞ്ഞാലും അവര്‍ ഉണ്ടാക്കി തന്നിരുന്ന ഭക്ഷണത്തിന്റെ രുചി നമ്മുടെ നാവില്‍ ത്തുമ്പ്‌ വിട്ടു പോകാന്‍ മടിക്കും. ചേച്ചിയെ ഓര്‍ക്കാത്ത ഒരു ദിവസം പോലും ജീവിതത്തില്‍ ഉണ്ടായിട്ടില്ല, അതുപോലെയാണ് ചേച്ചി പകര്‍ന്നു തന്ന രുചി ഈ ലോകം വിട്ടു പോകാന്‍ മടിച്ചു നില്‍ക്കുന്നതും.

3 comments:

shamsudheen perumbatta said...

ഇരുപത്തിയഞ്ചോ അതിലേറെയോ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഉച്ചയ്ക്ക് ചേച്ചി ഒരു സ്പെഷ്യല്‍ കറി ഉണ്ടാക്കി തന്നു. കാഴ്ചയില്‍ പനീര്‍ കറി പോലെ തോന്നിയെങ്കിലും ഒരു പപ്പടം കൊണ്ടുണ്ടാക്കിയ കറി ആയിരുന്നു. പപ്പടം തുടച്ചു മടക്കി അറ്റം വെള്ളംകൊണ്ട് ഒട്ടിച്ചിരുന്നു. സവാള, പച്ചമുളക്, കറി വേപ്പില എന്നിവ വഴറ്റി അതില്‍ മുളകു പ്പൊടി, മഞ്ഞള്‍ പൊടി, മല്ലി പൊടി എന്നിവയും ചേര്‍ത്തു വഴറ്റി തേങ്ങ അരച്ചതും ചേര്‍ത്തിരുന്നു. ഒരിക്കല്‍ മാത്രമേ ചേച്ചി അത്‌ ഉണ്ടാക്കി തന്നുള്ളൂ

അനുഭവ കുറിപ്പ് വായിച്ചപ്പോൾ ഒരു സധ്യ ഉണ്ണ അനുഭൂതി കിട്ടി, ഇരുപത്തഞ്ച് വർഷങ്ങൾക്ക് മുംബ് ഏചി ഉണ്ടാക്കിത്തന്ന അതേ രുചിക്കനുസരിച്ചുള്ള ഭക്ഷണം പാകം ചെയ്യാൻ മേരി തുനിൺജത് ഇപ്പോഴും ആ രുചി മറക്കാൻ പറ്റാത്തത് കൊണ്ടായിരിക്കുമല്ലൊ
നന്നായി എഴുതി, മറക്കാൻ പറ്റാത്ത പാചക കുറിപ്പ്

kishor kumar said...

ആശംസകള്‍

kishor kumar said...

adipoli chechi