Tuesday, 12 July 2011

രാത്രികളില്‍ വരുന്ന ഫോണ്‍ കോളുകള്‍

ജീവിതത്തില്‍ ഞാന്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍ എനിക്ക് ഏറ്റവും ഇഷ്ടം എന്‍റെ മൊബൈല്‍ ഫോണ്‍ ആണ്. ഏതോ ഒരു മൊബൈല്‍ കമ്പനിയുടെ പരസ്യത്തില്‍ ഒരു കുട്ടിക്കൊപ്പം പട്ടി നടക്കുന്നത്പോലെയാണ് എന്‍റെ മൊബൈല്‍ ഫോണ്‍ പ്രണയം. എപ്പോഴും എന്‍റെ കൂടെ ഉണ്ടാവും. വീട്ടില്‍ ഒരാളെയും ഞാന്‍ തൊടാന്‍ വിടാത്ത വസ്തു വകകളില്‍ ഒന്നാണ് എന്‍റെ ഫോണ്‍. ഇടയ്ക്ക് കുട്ടികള്‍ അവരുടെ ഫോണിലെ ബാലന്‍സ് തീര്‍ന്നാല്‍ എന്‍റെ ഫോണ്‍ വാങ്ങും. അത്‌ തിരിച്ചു തരും വരെ എനിക്ക് ആധിയാണ്. അതുകുട്ടികള്‍ക്കും അറിയാം. അവര്‍ ജോലി കിട്ടിയാല്‍ എനിക്ക് ആദ്യം വാങ്ങി തരുന്നത് വില കൂടിയ ഒരു മൊബൈല്‍ ഫോണ്‍ ആയിരിക്കുമെന്ന് പറയാറുണ്ട്‌. വില കൂടിയ ഫോണ്‍ കിട്ടിയത് കൊണ്ട് എനിക്ക് വലിയ കാര്യമൊന്നും ഇല്ല. ഫോണ്‍ അങ്ങോട്ട്‌ വിളിക്കാനും ഇങ്ങോട്ട് വരുന്ന വിളികള്‍ സ്വീകരിക്കാനും മാത്രമേ ഉപയോഗിക്കാറുള്ളൂ. എസ് എം എസ് പോലും അപൂര്‍വ്വം ചില സുഹൃത്തുക്കള്‍ക്ക് മാത്രമേ അയക്കുക പതിവുള്ളൂ. ടിന്റു മോന്‍ ദൈവത്തോട് ചോദിച്ചു, ടിന്റു മോള്‍ മമ്മിയോട് ചോദിച്ചു തുടങ്ങിയ തരത്തില്‍ തമാശ മെസ്സേജ് അയക്കുന്ന അനീഷിനെ പോലെയുള്ള സുഹൃത്തുക്കളോട് ഞാന്‍ പറയാറുണ്ട്‌ ഇനിയും മെസ്സേജ് അയച്ചാല്‍ തല്ലി കൊല്ലുമെന്ന്. അതുകൊണ്ടു ക്യാമറയോ നെറ്റോ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു മൊബൈല്‍ ഫോണ്‍ എന്‍റെ കൈയില്‍ കിട്ടിയിട്ടും കാര്യമില്ല. പക്ഷേ ഇത്തരത്തിലുള്ള മൊബൈല്‍ ഫോണ്‍ ഞാന്‍ രണ്ട് കുട്ടികള്‍ക്കും വാങ്ങി കൊടുക്കാന്‍ മറന്നിട്ടില്ല.


ആദ്യം എനിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി തന്നത് എന്‍റെ അനുജന്‍ ജോസ് ആണ്. അക്കാലത്ത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിലായിരുന്നു ഞാന്‍. ഒരു ഫോണ്‍ വാങ്ങാനുള്ള ശേഷി ഉണ്ടായിരുന്നില്ല. ഹോസ്റ്റലില്‍ അന്ന് ഒരാള്‍ക്ക്‌ മൂന്ന് കാള്‍ മാത്രമേ തരുമായിരുന്നുള്ളൂ. എന്‍റെ വീട്ടിലും അക്കാലത്ത് ഫോണ്‍ ഇല്ല. കുട്ടികള്‍ വിളിക്കുമ്പോള്‍ ഞാന്‍ ഓഫീസില്‍ ആയിരിക്കും. അല്ലെങ്കില്‍ പുറത്തു പോയിരിക്കും. മേട്രന്‍ ഞാന്‍ വരുമ്പോള്‍ പറയും ലില്ലിയുടെ വീട്ടില്‍ നിന്നും വിളിച്ചിരുന്നു. കുട്ടികളും അന്ന് ചെറുതാണ്. അവരും ബൂത്തില്‍ നിന്നൊക്കെയായിരിക്കും വിളിക്കുന്നത്. പിന്നെ രാത്രി മുഴുവന്‍ ആധിയായിരിക്കും എന്തിനായിരിക്കും കുട്ടികള്‍ വിളിച്ചത്, അവര്‍ക്ക് എന്തെങ്കിലും ആവശ്യം ഉണ്ടോ, ആര്‍ക്കെങ്കിലും വീട്ടില്‍ അസുഖമാണോ... ഉറങ്ങാനേ കഴിയില്ല. പിന്നെ എങ്ങനെയെങ്കിലും നേരം വെളുപ്പിച്ചു കോഴിക്കോട് നഗരത്തിലെ രാവിലെ തുറക്കാന്‍ സാധ്യതയുള്ള ഫോണ്‍ ബൂത്തുകള്‍ തേടിയുള്ള അലച്ചില്‍. അടുത്ത വീട്ടിലേക്കു വിളിച്ചു കുട്ടികള്‍ വരുന്നതുവരെയുള്ള കാത്തിരിപ്പ്. അല്ലെങ്കില്‍ ഹോസ്റ്റലിന്റെ അടുത്തുള്ള പ്രശോഭ് ബൂത്ത് തുറക്കാന്‍ വരുന്നതുവരെ ഹോസ്റ്റലിന്റെ വരാന്തയിലൂടെയുടെയുള്ള ആധി പിടിച്ചുള്ള നടപ്പ്. മൊത്തത്തില്‍ അതൊരു ആധി പിടിച്ച കാലം ആയിരുന്നു. അങ്ങനെയാണ് അനുജന്‍ എനിക്ക് ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി തന്നത്. അതൊരു റിലയന്‍സ് ഫോണ്‍ ആയിരുന്നു. അന്നൊക്കെ റിലയന്‍സ് ഫോണ്‍ നമ്പര്‍ ജില്ലയിലെ കോഡ്‌ ചേര്‍ത്തു വിളിക്കുന്നതായിരുന്നു. എല്ലാ ജില്ലയിലും ഒരേ നമ്പര്‍ ഉണ്ടായിരിക്കും. കോഡ്‌ മാത്രം മാറ്റി വിളിച്ചാല്‍ പലരെയും വിളിക്കാം.


ഇങ്ങനെ കാസര്‍ഗോഡ്‌, മലപ്പുറം ജില്ലകളിലെ ചില വിരുതന്മാര്‍ വിളിച്ചു വിളിച്ചു എന്‍റെ നമ്പരിലും എത്തി. ആദ്യം സോറി റോങ്ങ്‌ നമ്പര്‍ എന്ന് പറഞ്ഞു ഫോണ്‍ വെക്കും. പിന്നെ സ്ഥിരമായി അങ്ങനെ കാള്‍ വരാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ഫോണ്‍ മാറ്റി. കണക്ഷന്‍ എയര്‍ ടെല്‍ ആക്കി. അപ്പോഴും ഞാന്‍ കോഴിക്കോട് തന്നെയാണ്, ആയിടെയാണ് ഒരു പത്രത്തിന്റെ ഞായറാഴ്ച പതിപ്പില്‍ ഞാനെന്‍റെ ജീവിത കഥ എഴുതിയതോടെ പിന്നെ എവിടെ നിന്നെയോക്കെയോ ഫോണ്‍ വിളികളുടെ പ്രവാഹമായി. പലര്‍ക്കും എന്നെ കാണണം, സംസാരിക്കണം, അന്നൊക്കെ കോഴിക്കോട്ടെ ചുരുക്കം ചില മാധ്യമ സ്ഥാപനങ്ങളില്‍ ചോദിച്ചാല്‍ എന്‍റെ നമ്പര്‍ കിട്ടുമായിരുന്നു. അക്കാലത്ത് ഞാന്‍ സ്ഥിരമായി പത്ര മാധ്യമങ്ങളില്‍ എഴുതി കൊണ്ടിരിക്കുന്ന കാലമായിരുന്നു. ആളറിയാതെ വന്നെത്തുന്ന വിളികള്‍ എന്നെ അസ്വസ്ഥയാക്കാന്‍ തുടങ്ങി. ചിലപ്പോള്‍ ഞാന്‍ കാള്‍ എടുക്കാതെ ആവും, മറ്റു ചിലപ്പോള്‍ ഉച്ചത്തില്‍ കയര്‍ത്തു സംസാരിച്ചു ഫോണ്‍ കട്ട്‌ ചെയ്യും. വീണ്ടും വിളി വരുമ്പോള്‍ ഫോണ്‍ ദേഷ്യം കൊണ്ട് വലിച്ചെറിഞ്ഞ ദിവസങ്ങള്‍ പോലും ഉണ്ടായി. പലപ്പോഴും സഹിക്കാന്‍ കഴിയാതെ എന്‍റെ അടുത്ത സുഹൃത്തുക്കളായ നാസര്‍ക്ക, ജോര്‍ഡി എന്നിവര്‍ക്ക് അത്തരം നമ്പരുകള്‍ കൊടുക്കുകയും അവര്‍ പലരെയും അങ്ങോട്ട്‌ വിളിച്ചു ഇനിയെന്റെ ഫോണിലേക്ക് വിളിച്ചാല്‍ പോലീസില്‍ പരാതി കൊടുക്കുമെന്ന് കര്‍ശനമായി പറയുകയും ചെയ്തു. നല്ല പരിചയമുള്ള ഒരു സുഹൃത്ത് അക്കാലത്ത് സ്ഥിരമായി വിളിച്ചു ഇത്തരത്തില്‍ ശല്യപ്പെടുത്താന്‍ തുടങിയപ്പോള്‍ വയനാട്ടില്‍ ഉള്ള എന്‍റെ സുഹൃത്തുക്കളായ കോയാമു കുന്നത്, ജെയിന്‍ ആന്‍റണി എന്നിവര്‍ ഇതേപോലെ ഇടപെട്ടു മേലില്‍ ലില്ലിയെ വിളിച്ചു പോകരുത് എന്ന് താക്കീത് കൊടുത്ത ഒരു സംഭവം കൂടി ആയതോടെ ഞാന്‍ ആ നമ്പര്‍ മാറ്റി.


ആദ്യത്തെ ബി എസ് എന്‍ എല്‍ നമ്പരിലും ഇത്തരത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴാണ് ഞാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ ബി എസ് എന്‍ എല്‍ നമ്പര്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. അതും ഞാന്‍ ആര്‍ക്കും അങ്ങനെ കൊടുക്കാറില്ല. സൌഹൃദത്തോടെ അല്ലെങ്കില്‍ കാര്യമാത്ര പ്രസക്തമായി സംസാരിക്കുന്നവരോട് ഫോണില്‍ സംസാരിക്കാന്‍ എനിക്ക് ഒരു മടിയും ഇല്ല. പക്ഷേ ചില സുഹൃത്തുക്കള്‍ ഫോണ്‍ വിളിച്ചു വിളിച്ചു സംസാരത്തിന്റെ ട്യൂണ്‍ മാറി വരും. അത്തരം സൌഹൃദങ്ങള്‍ ഞാന്‍ അവിടെ വെച്ചു തന്നെ അവസാനിപ്പിക്കുകയാണ് പതിവ്. ചില പരിചയക്കാര്‍ സംസാരിച്ചു സംസാരിച്ചു ഒടുവില്‍ കൊഞ്ചാന്‍ വരും, ഒരു മൂളല്‍, ഒരു കുറുകല്‍ അതിനു ശേഷം എന്തു ചെയ്യുന്നെടാ എന്നൊരു കൊഞ്ചല്‍. പുരുഷന്മാര്‍ കൊഞ്ചുന്ന അത്ര വെറുപ്പുള്ള ഒരു കാര്യം എനിക്ക് വേറെയൊന്നും ഇല്ല. അത്തരക്കാര്‍ വിളിച്ചാല്‍ ഞാന്‍ പിന്നീടൊരിക്കലും ഫോണ്‍ എടുക്കാറേയില്ല. ഇങ്ങനെ കൊഞ്ചി എന്നോട് സംസാരിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഞാന്‍ ഒരു സുഹൃത്തിന്റെ കാള്‍ കുറെയായി ഞാന്‍ എടുക്കാറില്ല. കുറേകാലം ഫോണ്‍ എടുക്കാതെ ആവുമ്പോള്‍ വിളി നിര്‍ത്താനുള്ള സാമാന്യ മര്യാദ എങ്കിലും ആ സുഹൃത്ത് കാണിക്കും എന്ന് കരുതിയിരുന്നു. പല തവണ രാത്രി വിളിക്കാന്‍ തുടങ്ങിയപ്പോള്‍ തീര്‍ത്തും ഞാന്‍ അവഗണിച്ചു തുടങ്ങി.


രാത്രി സ്ത്രീകളെ വിളിക്കാന്‍ ഒരു സമയപരിധി എല്ലാ സുഹൃത്തുക്കളും സൂക്ഷിക്കുന്നത് നല്ലതാണ്. അങ്ങനെ സംസാരിക്കാന്‍ താല്പര്യം ഉള്ള സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവരോട് തീര്‍ച്ചയായും സംസാരിക്കാം. പക്ഷേ താല്പര്യം ഇല്ലാത്തവരോടു സംസാരിക്കാന്‍ ശ്രമിക്കരുത്. മിനിയാന്ന് രാത്രി ആ സുഹൃത്ത് വീണ്ടും വിളിച്ചു. ഞാന്‍ സമയം നോക്കി. രാത്രി ഒന്നര. സാധാരണ ഞാന്‍ ഫോണ്‍ എടുക്കാറില്ല. നമ്പര്‍ കട്ട്‌ ചെയ്യാറുമില്ല. റിംഗ് ചെയ്തു ചെയ്തു കാള്‍ കട്ട്‌ ആയി പോകും. മിനിയാന്ന് പക്ഷേ എനിക്ക് ദേഷ്യവും വെറുപ്പും തോന്നി. ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു. അതോടെ നിര്‍ത്തും എന്ന് കരുതി. പക്ഷേ അതാ അടുത്ത കാള്‍ വീണ്ടും വരുന്നു. ഞാന്‍ ഫോണ്‍ എടുത്തു, ഇങ്ങോട്ട് എന്തു പറയുന്നു എന്ന് നോക്കിയില്ല. അങ്ങോട്ട്‌ എനിക്ക് എത്ര ശബ്ദം ഉണ്ടോ അത്രയും ശബ്ദത്തില്‍ ഈ രാത്രി ഒന്നര മണിക്ക് എന്നെ ഫോണില്‍ വിളിക്കേണ്ട കാര്യമെന്നാണ്, ഇനി വിളിച്ചു പോകരുത് എന്ന് ചീറി. ദേഷ്യം കൊണ്ട് പൂങ്കുല പോലെ വിറച്ചു തുടങ്ങിയ എന്‍റെ മനസ്സ് ഒന്നടങ്ങാന്‍ കുറെ സമയം എടുത്തു. ഇവരുടെ ആരുടെങ്കിലും ഭാര്യമാര്‍ക്ക് ഇങ്ങനെ രാത്രി മറ്റു പുരുഷന്മാരുടെ ഫോണ്‍ വരുകയാണെങ്കില്‍ എന്തായിരിക്കും ഇവരുടെ മനസ്സില്‍ ഉണ്ടാക്കുന്ന പ്രതികരണം എന്ന് ചിന്തിക്കുന്നത് നല്ലതാണ്. എനിക്ക് ആണും പെണ്ണും അടങ്ങിയ ഒരുപാട് നല്ല സുഹൃത്തുക്കള്‍ ഉണ്ട്. എന്നെ എപ്പോള്‍ വേണമെങ്കിലും എനിക്ക് എപ്പോള്‍ വേണമെങ്കിലും വിളിക്കാനും കഴിയുന്ന എത്രയോ നല്ല പുരുഷ സുഹൃത്തുക്കള്‍. പക്ഷേ അവരൊന്നും ഒരിക്കലും എന്നോട് സൗഹൃദത്തിനു അപ്പുറം സംസാരിക്കാന്‍ ശ്രമിച്ചിട്ടില്ല. അതുകൊണ്ടാണ് എസ് എസ് എല്‍ സി കാലംമുതല്‍ എന്‍റെ സുഹൃത്തുക്കളായ ബഷീര്‍ക്കയും കോയാമുവും അതിനുശേഷം സുഹൃത്തുക്കളായ നാസര്‍ക്കയും ജോര്‍ഡിയും അനീഷുമൊക്കെ എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ പട്ടികയില്‍ എത്രയോ കാലങ്ങളായി സ്ഥാനം പിടിച്ചിട്ടുള്ളത്.

എനിക്ക് എപ്പോഴും എപ്പോഴും എന്‍റെ നമ്പര്‍ മാറ്റാന്‍ കഴിയുകയില്ല. വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്നില്ലെങ്കില്‍ അത്‌ ഞാന്‍ അവഗണിക്കുന്നതാണ് എന്നെങ്കിലും ഇത്തരം 'സുഹൃത്തുക്കള്‍' ഇനിയെങ്കിലും മനസ്സിലാക്കുക.

1 comments:

ചീരാമുളക് said...

ഫോണ്‍ നമ്പര്‍ കഴിവതും വീട്ടുകാര്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അത്യാവശ്യം സുഹ്രുത്തുക്കള്‍ക്കും മാത്രം കൊടുക്കുക. സിം കാര്‍ഡുകള്‍ വളരേ ചെറിയ വിലക്ക് ലഭിക്കുന്ന ഈ കാലത്ത് മറ്റുള്ളവരെ അങ്ങോട്ട് വിളിക്കാന് ‍വേറൊരു നമ്പര്‍ കരുതുന്നതാണ് നല്ലത്. ആ നമ്പറില്‍ ഇന്‍‌കമിംഗ് കോളുകള്‍ എടുക്കേണ്ട എന്നാദ്യമേ തീരുമാനിക്കാം. എന്തായാലും ഇത്തരം ശല്യങ്ങള്‍ അകാലചരമം പ്രാപിക്കുമെന്ന് കരിതുന്നത് മൗഡ്ഡ്യമാണ്.