മോന് ഗിന്നസ് ബുക്കിലേക്ക് എന്‍ട്രി കിട്ടിയത് ആദ്യം വിളിച്ചു പറഞ്ഞത് അനുജന്‍ ജോസ് ആണ്. ഞാന്‍ അതുവരെ ശ്വാസം അടക്കി പിടിച്ചിരിക്കുകയായിരുന്നു. അവന്‍ ഇതിനു മുമ്പ് പല മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനം മാത്രം നേടി. ഇതുപക്ഷേ ഗിന്നസ് ബുക്ക് ആയതു കൊണ്ട് എനിക്ക് ചെറിയ ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. അത് കഴിഞ്ഞപ്പോള്‍ മോന്‍ വിളിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ അവിടെ ഉണ്ടായിരുന്ന എന്‍റെ സുഹൃത്ത് കോയാമു വിളിച്ചു വിവരം പറഞ്ഞു. മോന്റെ ഗുരു ഗിരീഷിനെ ഞാന്‍ അങ്ങോട്ട് വിളിക്കുകയാണ് ചെയ്തത്. ഗിരി എന്ന് ഞാന്‍ വിളിക്കുന്ന ഗിരിഷ് കുട്ടികളുടെ ഗുരു മാത്രമല്ല എനിക്ക് അനുജന്‍ കൂടിയാണ്. ഗിരിയുടെ മൂത്ത ഏട്ടനും ഞാനും ഒരു പ്രായക്കാരും കളികൂട്ടുകാരുമായിരുന്നു. ഗിരി ആ വീട്ടിലെ അഞ്ചു കുട്ടികളില്‍ ഏറ്റവും ഇളയതായിരുന്നു. അവന്‍റെ ഏട്ടന്‍ ഗിരിയെ ചെറുപ്പത്തില്‍ എടുത്തു കൊണ്ട് വരുമ്പോള്‍ ഗിരിയെയും ഗിരിയുടെ നേരെ മൂത്ത ചേച്ചി ഗീതയെയും ഞാന്‍ ഒരുപാട് എടുത്തു നടന്നിട്ടുണ്ട്. കുട്ടിക്കാലത്ത് മഹാവികൃതിയായിരുന്ന ഞാന്‍ അവരെ എടുക്കാന്‍ കാരണം ഉണ്ടായിരുന്നു. രണ്ടുപേരെയും ചെറുപ്പത്തില്‍ കാണാന്‍ നല്ല ഭംഗിയായിരുന്നു. ആര് കണ്ടാലും അവരെ എടുത്തു പോകും.
ചെറുപ്പം മുതല്‍ ഇന്നലെ വരെ ഗിരി എന്നെ വിളിച്ചിരുന്നത് ചേച്ചി എന്നാണ്. ഇന്ന് പക്ഷേ ഗിരി ഞാന്‍ വിളിച്ചപ്പോള്‍ എന്നോട് അമ്മേ വണക്കം എന്ന് പറഞ്ഞു. അതേ ഇന്നത്തെ ദിവസം ഞാന്‍ അമ്മ മാത്രമായി. എന്നെക്കാള്‍ അഭിമാനം മിഥുന്റെ നേട്ടത്തില്‍ ഗിരിക്ക് ഉണ്ടാവും. കാരണം ഒരു രൂപ പോലും ഫീസ് വാങ്ങാതെയാണ് ഗിരി എന്‍റെ രണ്ട് കുട്ടികളെയും കരാട്ടെ പഠിപ്പിച്ചത്. ഇടയ്ക്ക് എന്നോട് സന്തോഷത്തോടെ ഇപ്പോള്‍ ഞാന്‍ മിഥുന്റെ ഗുരു എന്ന പേരിലാണ് ചേച്ചി അറിയപ്പെടുന്നത് എന്ന് പറയുമായിരുന്നു. ഒരു ഗുരു തന്‍റെ ലക്‌ഷ്യം പൂര്‍ത്തീകരിക്കുന്നത് ശിഷ്യര്‍ പേരും പ്രശസ്തിയും നേടുമ്പോള്‍ ആണെന്ന് മറ്റാരേക്കാളും ഗിരിക്കറിയാം. മോന്‍ ഗിന്നസ് ബുക്കിലേക്ക് കയറിയതിന്റെ മുഴുവന്‍ ക്രെഡിറ്റും ഞാന്‍ കൊടുക്കുന്നത് ഗിരിക്കാണ്. മോന്‍ മത്സരത്തില്‍ പങ്കെടുക്കാനായി വയനാട്ടില്‍ പോകുമ്പോള്‍ കൈയില്‍ കുറച്ചു കാശ് ഞാന്‍ കൊടുത്തു വിട്ടു. വേറെയൊന്നും ചെയ്തിട്ടില്ല. ബാക്കി എല്ലാ കാര്യവും നോക്കിയതും അതിന്‍റെ ചെലവ് വഹിച്ചതും ഗിരിയാണ്. എന്നോട് ഗിരി ഒന്നും ചോദിച്ചില്ല, ഞാനും ഒന്നും പറഞ്ഞില്ല. എന്‍റെ രണ്ട് കുട്ടികള്‍ക്ക് വേണ്ടി എന്തു ചെയ്ത് കൊടുക്കുന്നതിനും ഗിരി ഒരു കണക്കും വെച്ചില്ല. അതിന് പകരം ഗിരിക്ക് കിട്ടുന്നത് അവരുടെ സ്നേഹം മാത്രമാണ്. എന്‍റെ കുട്ടികള്‍ക്ക് പ്രത്യേകിച്ചും മിഥുന് ഗിരി എന്ന് വെച്ചാല്‍ ജീവനാണ്. ഗിരി പറയുന്നതിനപ്പുറം അവന്‍ പോകില്ല. അതില്‍ കൂടുതല്‍ ഒരു ഗുരുവിനു എന്തു കിട്ടാന്‍?? ഇപ്പോഴും ഗിരി എന്നോട് പറഞ്ഞത് മിഥുന്റെ കഠിനാധ്വാനം ആണ് അവനെ ഇവിടെ എത്തിച്ചത്, എനിക്കിഷ്ടം മിഥുന്റെ അദ്ധ്യാപകന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ ആണെന്ന്. കരാട്ടെയില്‍ മാസ്റ്റര്‍ ടീച്ചര്‍ എന്ന ഷിഹാന്‍ എന്ന പദവിയുള്ള ഗിരിഷ് തന്‍റെ അഞ്ചാമത്തെ ബ്ലാക്ക് ബെല്‍റ്റ് ജപ്പാനില്‍ വെച്ചാണ് നേടിയത്. 2009- ല്‍ ജപ്പാനിലെ ഒകിനാവോയില്‍ വെച്ച് നടന്ന കരാട്ടെ ലോക ചാമ്പ്യന്‍ ഷിപ്പ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചും ഗിരിഷ് പങ്കെടുത്തിട്ടുണ്ട്
ഗിരി എന്നെ ഇന്ന് അമ്മ എന്ന് വിളിച്ചതിന് പിന്നിലുള്ള കാരണം ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരമ്മ തന്നെയായതുകൊണ്ടാണ്. കുട്ടികളെ ഒരിക്കലും ഞാന്‍ എന്‍റെ വഴിക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിട്ടില്ല. അവര്‍ പോകാനാഗ്രഹിച്ച വഴികളിലൂടെ മാത്രം വിട്ടു. പക്ഷേ ഒരു കണ്ണ് എപ്പോഴും അവരില്‍ വെച്ചു. അവര്‍ക്ക് ഏറ്റവും കൂടുതല്‍ ജീവിതത്തില്‍ സപ്പോര്‍ട്ട് കൊടുത്തു. അവര്‍ പഠിച്ച സ്കൂളിലെ അധ്യാപകര്‍ക്ക് എല്ലാമറിയാം എന്നോട് കുട്ടികളുടെ കുറ്റം പറയാന്‍ ശ്രമിച്ചാല്‍ ഞാന്‍ കേട്ടു നില്‍ക്കാറില്ല, എന്‍റെ രണ്ട് കുട്ടികളെയും തമ്മില്‍ താരതമ്യം ചെയ്യാന്‍ ശ്രമിച്ച ഒരു ടീച്ചര്‍ക്ക് ഒരു കൈയിലെ അഞ്ച് വിരലുകള്‍ ഒരേപോലെയല്ല എന്ന് ഞാന്‍ പറഞ്ഞു കൊടുത്തു . എത്ര കുറച്ചു മാര്‍ക്ക് വാങ്ങി വന്നാലും വഴക്ക് പറഞ്ഞില്ല. പഠിക്ക് പഠിക്ക് എന്ന് പറഞ്ഞു ശല്യപ്പെടുത്തിയില്ല. ഇത്തവണ ഈ പരിപാടിക്ക് പോകാന്‍ വേണ്ടി ഞാനവന്റെ കോളേജില്‍ പോയി അനുവാദം ചോദിച്ചപ്പോഴും മോന്റെ അധ്യാപകര്‍ പറഞ്ഞ ഒരു വാക്കുണ്ട്. അമ്മ വന്നു ചോദിച്ചു, പിന്നെ ഞങ്ങള്‍ എങ്ങനെ വിടാതിരിക്കും? അമ്മ മിഥുന് എല്ലാത്തിനും സപ്പോര്‍ട്ട് ആണല്ലോ എന്ന്. ക്ലാസ്സില്‍ വെച്ചും അധ്യാപകര്‍ മോനോട് പറയാറുണ്ടത്രെ മറ്റുള്ള കുട്ടികളെ പോലെയല്ല മിഥുന് അമ്മയുടെ ഫുള്‍ സപ്പോര്‍ട്ട് ആണെന്ന്. കുട്ടികള്‍ക്ക് ഞാന്‍ കൊടുക്കുന്ന മെന്റല്‍ സപ്പോര്‍ട്ട് അധ്യാപകര്‍ക്ക് എല്ലാം അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ഞാന്‍ പോയി ഒരു കാര്യം ചോദിച്ചാല്‍ അവരാരും എന്നോട് നോ പറയാറില്ല. കുട്ടികളും എന്നോട് ഒന്നും മറച്ചു വെക്കാറില്ല. എന്തും എന്നോട് പറയാനുള്ള സ്വാതന്ത്ര്യം ഞാനവര്‍ക്ക് കൊടുത്തിട്ടുണ്ട്.
ഇന്ന് മോന്‍ ഗിന്നസ് ബുക്കിലേക്ക് അര്‍ഹത നേടിയപ്പോഴും എല്ലാ ദിവസത്തെ പോലെയും ഈ വീട്ടില്‍ എനിക്ക് നിശബ്ദമായിരിക്കാന്‍ കഴിയുന്നത് അതുകൊണ്ടാണ്. ഒന്ന് രണ്ട് സുഹൃത്തുക്കളെ മാത്രമേ ഞാന്‍ വിളിച്ചു വിവരം പറഞ്ഞുള്ളൂ. മോന്‍ ഗിന്നസ് ബുക്കില്‍ കയറാന്‍ വേണ്ടി പരിശ്രമിച്ചപ്പോഴും ഞാന്‍ ഒരു പിന്തുണയും പ്രത്യക്ഷമായി കൊടുത്തിട്ടില്ല. മോന്‍ അത് ഒന്ന് രണ്ട് തവണ പറയുകയും ചെയ്തു. ഞാന്‍ അവനോടു പറഞ്ഞു മോന് യോഗ്യത ഉണ്ടെങ്കില്‍ അത് കിട്ടും, അതിന് വേണ്ടി പരിശ്രമിക്കേണ്ടതും മോന്‍ തന്നെയാണ്. അമ്മ പിന്നില്‍ നിന്നും തള്ളി തന്നാല്‍ ജീവിതത്തില്‍ നിനക്ക് എവിടെയും എത്താന്‍ കഴിയില്ല. വഴി നീ തന്നെ കണ്ടു പിടിക്കണമെന്ന്. അവന് യോഗ്യതയും ദൈവാനുഗ്രഹവും ഉണ്ടായിരുന്നു, അതിന് വേണ്ടി അവന്‍ പരിശ്രമിക്കുകയും ചെയ്തു. അവന് ചെയ്യാന്‍ കഴിയാത്തതായിരുന്നു കോളേജില്‍ നിന്നും അവധി സംഘടിപ്പിക്കുക എന്നത്. അതുമാത്രം ഞാന്‍ ചെയ്തു കൊടുത്തു.
ഈ ദിവസത്തിന് ഒരു മാറ്റവും വന്നില്ല. കുറെ ദിവസത്തിനു ശേഷം ഇളയ മോന്‍ വിളിച്ചു ചേട്ടന്റെ നമ്പര്‍ താ എന്ന് പറഞ്ഞു. അവര്‍ക്ക് സംസാരിക്കാനും ആഹ്ലാദിക്കാനും ഉണ്ടായിരിക്കാം. ഒരുപക്ഷെ അവര്‍ രണ്ടുപേരും ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ അവര്‍ക്ക് പുറത്തു നിന്നും ഭക്ഷണം വാങ്ങി കൊടുക്കുമായിരുന്നു. ഗിരി ഇപ്പോഴും എന്നോട് പറഞ്ഞു അവിടെ വന്നവര്‍ ഒക്കെ സൂചിപ്പിച്ചത്രേ ഇത്രയും നന്നായി പ്രകടനം നടത്തിയിട്ടും ആ കുട്ടിയുടെ മുഖത്ത് ഒരു അഹങ്കാരവും അമിതമായ സന്തോഷവും ഒന്നുമില്ലല്ലോ, അതുമല്ല നല്ല വിനയം ഉണ്ടെന്നും. ഗിരി പറഞ്ഞത്രേ അത് തന്നെയാണ് അവനെ ഇവിടെ വരെയെത്തിച്ചതെന്ന്. മോന് ഞാന്‍ ഒന്നും കൊടുത്തില്ല. തിരിച്ചു ഇവിടെ വരുമ്പോള്‍ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കും. അത്രമാത്രം. എന്‍റെ സന്തോഷം അതിനപ്പുറം ആഘോഷമാക്കാതിരിക്കാന്‍ ഞാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. പക്ഷേ ഗിരിക്ക് കൊടുക്കാന്‍ എന്‍റെ കൈയില്‍ ഒന്നുമില്ല, ഈ നോട്ട് പക്ഷേ ജീവിതത്തില്‍ ആദ്യമായി വേറെ ഒരാള്‍ക്ക് സമര്‍പ്പിക്കുന്നു. അത് ഗിരി എന്ന എന്‍റെ അനുജനല്ല, ഗിരിഷ് എന്ന എന്‍റെ കുട്ടികളുടെ ഗുരുവിനാണ്. ഇതിന് ഏറ്റവും യോഗ്യന്‍ ഗിരിഷ് ആണ്. കുട്ടികള്‍ സെന്‍സായി എന്ന് വിളിക്കുമ്പോഴും അവര്‍ക്ക് ഗിരി ഉള്ളിന്റെ ഉള്ളില്‍ ഗിരിഷ് മാമന്‍ ആണ്. അവരുടെ ഗിരിഷ് മാമന് ആകട്ടെ ഈ നോട്ട്.
4 comments:
:)
മിഥുനും ഗിരിക്കും അഭിനന്ദനങ്ങള്‍.
ആശംസകൾക്ക് പകരം മറ്റൊന്നുമില്ല തരുവാൻ
ഇനിയും ഉയരങ്ങളിലെത്തട്ടേ............
പലപ്പോളും ഈ ബ്ലോഗിലെ ഓരോ പോസ്റ്റ് വായിച്ചു കഴിയ്മ്പോളും,കണ്ണ് നിറയുന്നു...മനസ്സും.
Post a Comment