കേന്ദ്രം ഭരിക്കുന്ന യു പി എ സര്‍ക്കാര്‍ അഴിമതി വിരുദ്ധ സമരത്തിനെതിരെ വടി നീട്ടിയെറിയാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. ഇക്കഴിഞ്ഞ ദിവസം രാജ്യം സ്വാതന്ത്ര്യത്തിന്റെ അറുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ രാജ്യത്തോടായി നടത്തിയ സന്ദേശത്തിലാണ് അഴിമതി നിര്‍മാജനത്തിന് ഒറ്റമൂലിയില്ല എന്ന് പറഞ്ഞു ഞെട്ടിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ലോക്പാല്‍ ബില്‍ ദുര്‍ബലമാണെന്ന് പ്രഖ്യാപിച്ചു അണ്ണാ ഹസാരെ പിറ്റേ ദിവസം നടത്താനൊരുങ്ങുന്ന സമരത്തിനെതിരായിരുന്നു രാഷ്ട്രപതിയുടെ കുത്തുവാക്കുകള്‍.
നിരാഹാരം അഴിമതിക്ക് പരിഹാരമല്ലെന്ന് മന്‍മോഹന്‍ സിംഗും സ്വാതന്ത്ര്യ ദിനത്തില്‍ ഉദ്ഘോഷിച്ചപ്പോള്‍ അണ്ണാ ഹസാരെ എന്ന വയോധികന്റെ ഗാന്ധിയന്‍ സമരമുറയെ ഭരണകൂടം എത്രമേല്‍ ഭയപ്പെടുന്നു എന്ന് വ്യക്തമായിരുന്നു. ഇതിനും കുറെ നാളുകള്‍ക്കു മുമ്പേ അഴിമതി തടയാന്‍ പറ്റിയ മാന്ത്രിക വടിയൊന്നും തന്‍റെ കൈയില്‍ ഇല്ലെന്നു പറഞ്ഞ് പ്രധാനമന്ത്രി അഴിമതിയുടെ മുമ്പില്‍ കീഴങ്ങിയതും രാജ്യം കണ്ടതാണ്. തന്‍റെ മന്ത്രിസഭയിലെ ഒരു മന്ത്രിയും രണ്ട് എം പിമാരും ഭൂലോക അഴിമതിയുടെ പേരില്‍ തീഹാര്‍ ജയിലില്‍ കിടക്കുമ്പോള്‍ അതേ ജയിലില്‍ അഴിമതിക്കെതിരെ സമരം നടത്തിയ ഒരാളെ അടയ്ക്കാന്‍ മാത്രം വങ്കത്തരം കാണിച്ച മറ്റൊരു പ്രധാനമന്ത്രിയും ഇന്ത്യയില്‍ ഇതിനു മുമ്പുണ്ടായിട്ടില്ല.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ഹസാരെ അഴിമതിക്കാരനാണെന്നു പറഞ്ഞു രംഗത്തെത്തിയിരുന്നു. അണ്ണാ ഹസാരെ നടത്താന്‍ പോകുന്ന സമരത്തില്‍ വിറളി പിടിച്ച ഭരണകൂടത്തിനൊപ്പം ഡല്‍ഹി പോലീസും തങ്ങളുടെ റോള്‍ ഭംഗിയാക്കി. സത്യഗ്രഹം മൂന്നു ദിവസത്തിലേറെ നീളരുത്, 5000 പേരില്‍ കൂടുതല്‍ സംഘടിക്കരുത് തുടങ്ങിയവയായിരുന്നു ഡല്‍ഹി പോലീസ് മുന്നോട്ടുവച്ച ഉപാധികള്‍. അതൊക്കെയും ഹസാരെ തള്ളിയപ്പോള്‍ പോലീസ് സത്യാഗ്രഹം നടത്താനിരുന്ന ജയപ്രകാശ് മൈതാനത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു. പ്രതിഷേധിക്കാനുള്ള തന്‍റെ അവകാശത്തെ തടയരുതെന്നു മന്‍ മോഹന്‍ സിംഗിനോട് ആവശ്യപ്പെട്ട അണ്ണാ ഹസാരെയോട് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ പോലീസിനോട് പറയാന്‍ നിര്‍ദ്ദേശിച്ചു കൈകഴുകയാണ് അദ്ദേഹം ചെയ്തത്. ഗാന്ധി പഠിപ്പിച്ച സമരമുറയെ ഗാന്ധിയുടെ ശിഷ്യര്‍ എന്നവകാശപ്പെടുന്ന കോണ്‍ഗ്രസുകാര്‍ ഭയപ്പെടുന്ന കാഴ്ചകളായിരുന്നു അതൊക്കെയും.
തികഞ്ഞ ഗാന്ധിയന്‍ ആണെങ്കിലും ഇക്കഴിഞ്ഞ ഏപ്രിലില്‍ അണ്ണാ ഹസാരെ അഴിമതിക്കെതിരെ സത്യാഗ്രഹം നടത്തും വരെ പുതുതലമുറയ്ക്ക് അദ്ദേഹം തീര്‍ത്തും അന്യനായിരുന്നു. ഒരു സുപ്രഭാതത്തില്‍ അദ്ദേഹം അഴിമതിക്കെതിരെ ഇന്ദ്രപ്രസ്ഥത്തിലെ കണ്ണായ സ്ഥലമായ ജന്തര്‍ മന്ദറില്‍ നിരാഹാര സത്യാഗ്രഹം ഇരുന്നപ്പോള്‍ ഓരോ ഇന്ത്യക്കാരെന്റെയും സിരകളില്‍ ആവേശം കത്തിക്കയറി. അഴിമതിക്കെതിരെ രക്തം തരിച്ചു. നഗരങ്ങളും ഗ്രാമങ്ങളും വേരറ്റ പോലെ മനസ്സ് കൊണ്ടെങ്കിലും ആ സത്യാഗ്രഹ പന്തലിലേക്ക് കുതിച്ചു. ബ്രിട്ടീഷുകാരുടെ തീ തുപ്പുന്ന തോക്കുകള്‍ക്ക് മുമ്പില്‍ ഗാന്ധിജി നയിച്ച നിരാഹാരമെന്ന സമരമുറയ്ക്ക് ഇപ്പോഴും പ്രസക്തി നഷ്ടമായിട്ടില്ലെന്നു ലോകം തിരിച്ചറിഞ്ഞു. ഇന്ത്യയിലെ ഭരണകൂടത്തെ വിറപ്പിക്കാന്‍ ആ വൃദ്ധനായ ഗാന്ധിയന് കഴിഞ്ഞു. മറ്റു ലോകരാജ്യങ്ങളില്‍ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ ഇന്ത്യയിലേക്കും പടരാന്‍ ഒരു നിമിത്തം ആയേക്കാവുന്ന അണ്ണാ ഹാസാരെയുടെ സത്യാഗ്രഹം അതുകൊണ്ടു തന്നെ ഒരാഴ്ച തികയ്ക്കാന്‍ അന്ന് യു പി എ സര്‍ക്കാര്‍ അനുവദിച്ചില്ല. അതിനുമുമ്പേ അണ്ണാ ഹസാരെയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഭരണകൂടം തയ്യാറായി. അന്ന് അദ്ദേഹം ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പിലായാലും ഇല്ലെങ്കിലും ആ സത്യാഗ്രഹം ഉറങ്ങി കിടന്നിരുന്ന ഒരു ജനസമൂഹത്തെ ഉണര്‍ത്താന്‍ പര്യാപ്തമായിരുന്നു. രാഷ്ട്രീയം, അഴിമതി തുടങ്ങിയവയുടെ അര്‍ഥം എന്തെന്ന് പോലും അറിയാത്ത സ്കൂള്‍ കുട്ടികളടക്കം അണ്ണാ ഹസാരയെ നെഞ്ചിലേറ്റി. അതിലേറെയായിരുന്നു സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ അണ്ണാ ഹസാരെയുടെ അഴിമതിക്കെതിരെയുള്ള സമരത്തിന് ഇന്ത്യയിലെ യുവജനത നല്‍കിയ പിന്തുണ.
ഇത്രയും ജനപിന്തുണയുള്ള, ഗാന്ധിയന്‍ സമര മുറകള്‍ മാത്രം മുന്നോട്ട് വെച്ച ഒരു വ്യക്തിയെ കൊടിയ കുറ്റവാളികള്‍ക്ക് പേരുകേട്ട തീഹാര്‍ ജയിലില്‍ അടച്ചപ്പോള്‍ ഭരണകൂടം പ്രകടിപ്പിച്ചത് ജനാധിപത്യത്തിന്റെ നഗ്നമായ ലംഘനമാണ്. അഴിമതിക്കും കള്ളപ്പ ണത്തിനും എതിരെ സമരം നയിച്ച യോഗ ഗുരു ബാബാ രാംദേവിനെ പാതി രാത്രി സത്യാഗ്രഹ പന്തലില്‍ നിന്നും തല്ലിയോടിച്ച അതേ ആവേശത്തില്‍ അണ്ണാ ഹസാരെ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചു ജയിലിലടച്ച ഭരണകൂടത്തിന്റെ മഹാ വിഡ്ഢിത്തരത്തിനും വീണ്ടുവിചാരമില്ലായ്മയ്ക്കും എതിരെ ജനസമൂഹം സട കുടഞ്ഞെഴുന്നേറ്റു കഴിഞ്ഞു. അതിനിടെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ കണ്ടു ഹസാരെയേ അറസ്റ്റ് ചെയ്യിച്ചതിലെ തന്‍റെ പ്രതിഷേധം രേഖപ്പെടുത്തിയത്രേ. ഉടനെ ഹസാരെയേ ജയില്‍ മോചിതനാക്കാന്‍ ഉത്തരവ് പോയി. പക്ഷേ ഹസാരെ ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല. നിരുപാധികമായി സത്യാഗ്രഹം നടത്താന്‍ അനുമതിയില്ലാതെ പുറത്തിറങ്ങുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു. അതു സര്‍ക്കാര്‍ സമ്മതിച്ചാലും ഇല്ലെങ്കിലും അവര്‍ തോല്‍വി ഏറ്റുവാങ്ങി കഴിഞ്ഞു. ബാബാ രാം ദേവിനെ തല്ലിയോടിച്ച ലാഘവത്വത്തോടെ ഹസാരെ പോലെ ജനപിന്തുണയുള്ള ഒരാള്‍ക്ക് നേരെ കാക്കിപ്പടയെ ഉപയോഗിക്കുമ്പോള്‍ ഭരണകൂടം ഒന്ന് മറന്നു പോയി, അഴിമതിയില്‍ പൊറുതി മുട്ടിയ ഒരു ജനസമൂഹം തെരഞ്ഞെടുക്കപ്പെട്ടു എന്നതുകൊണ്ട് മാത്രം ഒരു സര്‍ക്കാരിന്‍റെ എന്തു ചെയ്തികളും വകവെച്ചു കൊടുക്കുകയില്ല. പ്രധാനമന്ത്രി എന്ന പദവി ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ വരാതിരിക്കാന്‍ മാത്രം മഹത്വവല്‍ക്കരിക്കപ്പെട്ട ഒന്നാണെന്ന് അവര്‍ വിശ്വസിക്കുന്നുമില്ല. ഇന്ത്യയിലെ എല്ലാ വിഭാഗത്തിനും ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ വരാമെന്നിരിക്കെ പ്രധാന മന്ത്രിയും ജുഡീഷ്വറിയും മാത്രം അതിന്‍റെ പരിധിയില്‍ അകപ്പെടാതിരിക്കാന്‍ കാരണമെന്താനെന്നറി യാന്‍ സാധാരണജനത ഇനി ആഗ്രഹിച്ചാല്‍ അതില്‍ തെറ്റ് പറയാന്‍ കഴിയുകയില്ല. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഭരണഘടന അനുസരിച്ച് ജനാധിപത്യ സംവിധാനത്തില്‍ എല്ലാവരും തുല്യരാണ്. പ്രധാനമന്ത്രി ആയാലും അണ്ണാ ഹസാരെ ആയാലും കോഴിക്കോട് അങ്ങാടിയില്‍ ചായക്കച്ചവടം നടത്തുന്ന കോയാക്ക ആണെങ്കിലും നിയമവും അവകാശവും എല്ലാവര്‍ക്കും തുല്യമാണ്.
ഭരണകൂടത്തിന് ഒളിക്കാനും മറയ്ക്കാനും എന്തൊക്കെയോ ഉണ്ടെന്ന് ഹസാരെയേ അറസ്റ്റ് ചെയ്തതിലൂടെ അവര്‍ വ്യക്തമാക്കി കഴിഞ്ഞു. ജെ പി മൈതാനത്ത് ശാന്തതയോടെ നടന്നു പോയേക്കാവുന്ന ഒരു സമരമുറയെ എരിതീയില്‍ എണ്ണ കോരിയൊഴിച്ച രീതിയിലേക്ക് മാറ്റി മറിച്ചതിന്റെ ക്രെഡിറ്റ് ഭരണകൂടത്തിന് അവകാശപ്പെടാമെങ്കിലും രാജ്യത്തെ ഏതെങ്കിലും ഒരു പഞ്ചായത്ത് ഭരിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് കാണിക്കാന്‍ സാധ്യത ഉണ്ടായിരുന്ന പക്വത പോലും ഭരണതന്ത്രത്തില്‍ മന്‍മോഹന്‍ സിംഗിന് ഇല്ലെന്ന് ഈ സംഭവം തെളിയിക്കുന്നു. വടി കൊടുത്ത് അടി വാങ്ങാന്‍ ഒരുങ്ങുമ്പോള്‍ കിട്ടുന്നത്രയും വാങ്ങണം. അടിയുടെ എണ്ണം പറഞ്ഞു വടി വാങ്ങിയവരല്ല മറുഭാഗത്തുള്ളത്. ഇവിടെ മറുഭാഗത്ത് അണ്ണാ ഹസാരെയോ കിരണ്‍ ബേദിയോ പൊതു സമൂഹത്തിന്റെ ഏതെങ്കിലും അംഗങ്ങളോ ഇനിയില്ല, അഴിമതി സ്വന്തം രാജ്യത്ത് നിന്നും തുടച്ചു നീക്കണമെന്നാഗ്രഹിക്കുന്ന ഒരു ജനതയാണ് ഉള്ളത്, അവര്‍ക്ക് സംസ്ഥാനത്തിന്റെയോ ഭാഷയുടെയോ വേഷ ത്തി ന്റെയോ വ്യത്യാസമില്ല, കൈയില്‍ കിട്ടിയ വടിയുമായി അവര്‍ യുദ്ധഭൂമിയിലേക്ക് ഇറങ്ങി കഴിഞ്ഞു. ഈ പാതി രാത്രിയിലും തീഹാര്‍ ജയിലിനു മുമ്പില്‍ ഒരു കൈയില്‍ ഇന്ത്യന്‍ ദേശീയ പതാകയും മറുകൈയില്‍ മെഴുകുതിരിയും പിടിച്ചു ഒരു ജനത കാവല്‍ നില്‍ക്കുന്നുണ്ടെങ്കില്‍ ഒന്നറിയുക, അവരുടെ കൈയില്‍ പ്രകാശം പരത്തുന്ന മെഴുകുതിരികള്‍ നാളെ ഭരണകൂടത്തിന്‍റെ അഹന്തയ്ക്ക് മുകളില്‍ ആഞ്ഞടിക്കുന്ന തീപ്പന്തങ്ങളായേക്കാം. അഴിമതിക്കെതിരെ ചൂണ്ടുവിരല്‍ ഉയര്‍ത്താതെ അഴിമതി വിരുദ്ധ സമരം നയിച്ചവര്‍ക്കെതിരെ നിയമത്തിന്റെയും അധികാരത്തിന്റെയും എല്ലാ ഗര്‍വും പ്രകടിപ്പിച്ച ഒരു ഭരണകൂടം അതര്‍ഹിക്കുന്നുണ്ട്. ഒരു പരാജിതന്റെ മുഖവുമായി മന്‍മോഹന്‍ സിംഗ് ഇനിയും ആ കസേരയില്‍ കടിച്ചു തൂങ്ങി ഇരിക്കാതിരിക്കുകയാണ് എന്തുകൊണ്ടും നല്ലത്.
2 comments:
100% correct, the government totally failed to fight corruption and to understand peoples mind ,
yenhu parayan ethum sheriyanu athum ere kure sheriyanu
Post a Comment