എന്നെ പോലെതന്നെയാണ് സൗഹൃദത്തിന്റെ കാര്യത്തില്‍ എന്റെ കുട്ടികളും. നിറയെ സുഹൃത്തുക്കള്‍ ഉണ്ട്. അതും എല്ലാം നല്ല നല്ല കൂട്ടുകാര്‍. നേഴ്സറി മുതലുള്ള സൗഹൃദങ്ങള്‍ അതുപോലെതന്നെ സൂക്ഷിക്കുന്നുണ്ട്. അവര്‍ വയനാട്ടില്‍ നിന്നും കൊച്ചിയില്‍ വന്നപ്പോഴും കോളേജിലെ മിക്ക കുട്ടികളും വീട്ടില്‍ വരും. ഇളയ മോന്‍ നിതിന്‍ വീട്ടില്‍ ഉണ്ടെങ്കില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കൂട്ടുകാര്‍ ഒരാഴ്ചയും രണ്ടാഴ്ചയുമൊക്കെ വീട്ടില്‍ വന്നു താമസിക്കാറുണ്ട്. പലരും പഠനകാര്യത്തിലെ സംശയങ്ങള്‍ തീര്‍ക്കാനും മറ്റും വരുന്നതാണ്. വീട്ടില്‍ വന്നില്ലെങ്കിലും നിതിന്റെ കൂടെ പഠിച്ച ഒരു കുട്ടിയെയും ഞാന്‍ അതിനിടയില്‍ പരിചയപ്പെട്ടു. സരുണ്‍. അവന്റെ വീട് കൊച്ചിയില്‍ തന്നെയാണ്. അതുകൊണ്ട് തന്നെ ഞാന്‍ കണ്ടിരുന്നില്ല. ദൂരെ സ്ഥലത്തുള്ള കുട്ടികളാണ് സാധാരണ വീട്ടില്‍ വരാറുള്ളത്. കോളേജിലെ തുടക്കസമയത്ത് സരുണ്‍ എന്ന് മോന്‍ പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും കണ്ടിരുന്നില്ല. ഒരു ദിവസം രാവിലെ മോന്‍ ഫോണ്‍ പിടിച്ചു സ്തബ്ധനായി നില്‍ക്കുന്നത് കണ്ടു ഞാന്‍ അടുത്തേക്ക് ചെന്നപ്പോള്‍ അവന്‍ പറഞ്ഞു സരുണിന്റെ അമ്മ മരിച്ചു. അമ്മയ്ക്ക് സുഖമില്ല എന്ന് പറഞ്ഞു അവനെ രണ്ട് ദിവസം മുമ്പ് ആരോ കോളേജില്‍ നിന്നും വിളിച്ചു കൊണ്ടു പോയിരുന്നു. എന്റെ മനസ്സില്‍ ഒരു തീജ്വാല പാളി. ഞാന്‍ പറഞ്ഞു മോന്‍ അവനെ വിളിക്ക്. എന്നിട്ട് സംസാരിക്ക്. അമ്മേ, എനിക്ക് അങ്ങനെ സംസാരിക്കാന്‍ കഴിയുന്നില്ല. ഞാന്‍ എന്താണ് അവനോടു പറയുക എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു മോന്‍ ഫോണ്‍ വിളിച്ചു താ, ഞാന്‍ സംസാരിക്കാം, അങ്ങനെ മോന്‍ വിളിച്ചു തന്നു. ഫോണിന്റെ അങ്ങേ ത്തലയ്ക്കല്‍ സരുണ്‍ ഉണ്ട് . ഞാന്‍ അവനെ മോനെ എന്ന് വിളിച്ചു. അവന്‍ തിരിച്ചു അമ്മേ എന്ന് എന്നെയും വിളിച്ചു. ഞാന്‍ കരയുകയാണ്, അവനും കരഞ്ഞു. ആ നിമിഷങ്ങളില്‍ എനിക്ക് തോന്നി ഞാന്‍ അവന്റെ അമ്മയാണ് എന്ന്.
പിന്നീട് നിതിന്‍ കോളേജില്‍ നിന്നും വരുമ്പോള്‍ പറയും സരുണ്‍ എപ്പോഴും പറയും അമ്മയെ ഒന്ന് കാണണമെന്ന്. അങ്ങനെ ഒരിക്കല്‍ ഞാന്‍ കോളേജില്‍ പോയപ്പോള്‍ മോന്‍ സരുണിനെ വിളിച്ചു കൊണ്ടു വന്നു. ഇളയ മോന്റെ കൂടെയാണ് പഠിക്കുന്നതെങ്കിലും മൂത്ത മോന്‍ മിഥുന്റെ പ്രായമാണ് അവന്. മിഥുനെക്കാള്‍ ഒരു മാസത്തിനു മൂത്തതാണ്. അങ്ങനെ ഞാന്‍ പോലും അറിയാതെ സരുണ്‍ എന്റെ മൂത്ത മകനായി. ഒരിക്കല്‍ അവന്‍ എന്നോട് പറഞ്ഞു എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ എന്റെ അമ്മയില്ല, ഇപ്പോള്‍ അമ്മയെ ഉള്ളൂ എന്ന്. ഞാനവനോട് പറഞ്ഞു നീ എന്റെ മൂത്ത മോന്‍ അല്ലേ, മോന് വേണ്ടിയും ഞാന്‍ പ്രാര്‍ഥിക്കുന്നുണ്ട് എന്ന്. എന്റെ കുട്ടികളും അവന് ആ സ്ഥാനം തന്നെ മനസ്സില്‍ കൊടുത്തിട്ടുണ്ട്. ഷിപ്പില്‍ പോകുമ്പോള്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ നിന്നും എന്നെ വിളിച്ചിരുന്നു. ചൈനയില്‍ എത്തിയപ്പോള്‍ അമ്മേ ഞാന്‍ ചൈനയില്‍ എത്തി എന്ന് പറഞ്ഞു ഒരു മെസ്സേജ് അയച്ചിരുന്നു.
അതുപോലെ ഒരു അടുപ്പം തോന്നിയ കുട്ടികളുടെ സുഹൃത്താണ് രഞ്ജിത്. ചെറിയ മോന്റെ കോഴ്സ് തന്നെയാണ് അവനും ചെയ്തിരിക്കുന്നത്. അവനും മിഥുന്റെ പ്രായമാണ്. കഴിഞ്ഞ തവണ നിതിന്‍ ഷിപ്പില്‍ നിന്നും വന്നപ്പോഴാണ് രഞ്ജിത് ആദ്യമായി വീട്ടില്‍ വന്നു നില്‍ക്കുന്നത്. രണ്ടാഴ്ചത്തെ ഒരു കോഴ്സ് ചെയ്യാന്‍ വയനാട്ടില്‍ നിന്നും കൊച്ചിയില്‍ വന്നതാണ്. ഞാന്‍ ഓഫീസില്‍ നിന്നും വന്നു വെപ്രാളപ്പെട്ട് സമയത്തിനു ഭക്ഷണം ഒരുക്കി കൊടുക്കുമ്പോള്‍ എപ്പോഴും പറയും മോനെ, ഒപ്പിക്കല്‍ കറികള്‍ ആണെന്ന്. രഞ്ജിത് പറയും ആന്റി എപ്പോഴും പറയും ഒപ്പിക്കല്‍ കറി ആണെന്ന്. പക്ഷേ നല്ല രുചി ഉണ്ടെന്നും. ഇളയ മോന്‍ നിതിന്‍ പറയും ഓ അതൊക്കെ ഞാന്‍ പറഞ്ഞു കൊടുക്കുന്നതല്ലേ എന്ന്. അങ്ങനെ രഞ്ജിത് തിരിച്ചു പോയി. ഇടയ്ക്ക് വിളിക്കും. വിശേഷങ്ങള്‍ തിരക്കും. അതുപോലെ എന്നെ ഇടയ്ക്കു വിളിക്കുന്ന കുട്ടികളുടെ സുഹൃത്ത് ഉണ്ട് വിഷ്ണു. കുട്ടികള്‍ ഇല്ലെങ്കിലും വല്ലപ്പോഴും വിളിച്ചു ആന്റി സുഖമാണോ ഭക്ഷണം കഴിച്ചോ എന്നൊക്കെ തിരക്കും. രണ്ട് മാസം മുമ്പ് ഒരു ദിവസം വിളിച്ചു മിഥുന്‍ പറഞ്ഞു അമ്മേ, രഞ്ജിത് ഒരു ഇന്റര്‍വ്യൂ വിനു വേണ്ടി കൊച്ചിയില്‍ വരുന്നുണ്ട്. ഞങ്ങള്‍ ഒന്നും ഇല്ലാത്തതു കൊണ്ടു അവന് അങ്ങോട്ട് വരാന്‍ ഒരു വിഷമം ഉണ്ട്. ഞാന്‍ പറഞ്ഞു നിങ്ങളെ പോലെ തന്നെയാണ് എനിക്ക് അവനും. അതുകൊണ്ടു നിങ്ങള്‍ ഇല്ല എന്ന് കരുതി ഇവിടെ വന്നു നില്‍ക്കാന്‍ അവന്‍ മടിക്കേണ്ട കാര്യമില്ല. ഇങ്ങോട്ട് വരാന്‍ പറയൂ എന്ന്. പിറ്റേന്ന് രഞ്ജിത് വിളിച്ചു, ഞാന്‍ വന്നു നിന്നാല്‍ ആന്റിക്ക് ബുദ്ധിമുട്ടാവുമോ എന്ന് ചോദിച്ചു. എനിക്കെന്തു ബുദ്ധിമുട്ടാണ് മോനെ, മോന്‍ ഇവിടെ വന്നു നില്‍ക്കൂ എന്ന് ഞാന്‍ പറഞ്ഞു.
കാനഡയില്‍ ഉള്ള ഒരു കമ്പനിയുടെ ഇന്ത്യയില്‍ ഉള്ള ഒരു ഓഫീസ്. അതാണ് കൊച്ചിയില്‍ ഉള്ളത്. അവന് ഒരാള്‍ക്ക് മാത്രം ഉള്ള ഇന്റര്‍വ്യൂ ആണ്. അതിനിടയില്‍ എല്ലാ ദിവസം പരീക്ഷകള്‍, ക്ലാസുകള്‍. കുട്ടിക്ക് ശരിക്കും മടുത്തിരുന്നു. ഉച്ച കഴിഞ്ഞു പോയാല്‍ പലപ്പോഴും രാത്രി ഒന്‍പതര ആവും തിരിച്ചു വരുമ്പോള്‍. വാതില്‍ തുറന്ന പാടെ ആന്റി എന്ന് വിളിച്ചു അന്നത്തെ വിശേഷം മുഴുവന്‍ പറയാന്‍ തുടങ്ങും. എന്റെ കുട്ടികളും അതുപോലെയാണ്. വന്നു കയറിയാലുടന്‍ അതുവരെയുള്ള വിശേഷങ്ങള്‍ എല്ലാം പറയാന്‍ തുടങ്ങും. ഒരിടത്ത് ജോലി കിട്ടുമോ ഇല്ലയോ എന്ന ആകുലതകള്‍. അവന്‍ വരാന്‍ നേരം വൈകുമ്പോള്‍ അവന്റെ അമ്മ വിളിക്കും മോന്റെ ആന്റി അവിടെ ഉള്ളതാണ് ഞങ്ങള്‍ക്ക് ആകെയുള്ള സമാധാനം എന്ന് പറയും. ഇടയ്ക്ക് വയനാട്ടില്‍ പോകുമെങ്കിലും വീണ്ടും കൊച്ചിയില്‍ നിന്നും വിളി വരും. രഞ്ജിത് വീണ്ടും വരും. അവന് ആകെ ടെന്‍ഷന്‍ ഉണ്ട് അങ്ങനെ വന്നു നില്‍ക്കുന്നത് എന്നെ ബുദ്ധിമുട്ടിക്കുന്നുണ്ടോ എന്ന്. ഞാന്‍ അവനോടു പറയും നിതിനും മുംബൈയില്‍ മിഥുന്റെ ഒരു സുഹൃത്തിന്റെ വീട്ടിലാണ് പോയി നിന്നിരുന്നത്. ഇതൊക്കെ ജീവിതത്തില്‍ സാധാരണയാണ്, മോന് ആദ്യം ഒരു ജോലി കിട്ടട്ടെ എന്ന്.
ഒരു ദിവസം ഞാന്‍ അവനെയും കൊണ്ടു കലൂര്‍ പള്ളിയില്‍ പോയി. അവിടെ പോയി മെഴുകുതിരി ഒക്കെ കത്തിച്ചു തിരിച്ചു ഇറങ്ങി വരുമ്പോള്‍ അവന്‍ എന്നോട് പറഞ്ഞു ആന്റി ഞാന്‍ ഇവിടെ ഒരു നേര്‍ച്ച നേര്‍ന്നിട്ടുണ്ട്, മിഥുന്‍ ഗിന്നസ് ബുക്ക് റെക്കോര്‍ഡ് നേടി കഴിഞ്ഞാല്‍ അതു ചെയ്യാം എന്ന്. ഞാന്‍ അവന് ജോലി കിട്ടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആണ് അവിടെ പോയത്. അവന്‍ പ്രാര്‍ത്ഥിച്ചത് മിഥുന് വേണ്ടിയും. ജോലി ഏകദേശം ശരിയാവും എന്ന ഘട്ടത്തില്‍ കഴിഞ്ഞ മാസം ഒരിക്കല്‍ എത്തി. അന്നവന്‍ രാത്രി വയനാട്ടിലേക്ക് തിരിച്ചു പോവുകയാണു. ഞാന്‍ യാത്രയയക്കാന്‍ വേണ്ടി സിറ്റ് ഔട്ടിലേക്ക് ഇറങ്ങി നിന്നപ്പോള്‍ ഞാന്‍ തിരിഞ്ഞു നിന്നു ഞാന്‍ ആന്റിയുടെ കാലില്‍ തൊട്ടു നമസ്കരിക്കട്ടെ എന്ന് പറയലും കുനിഞ്ഞു എന്റെ കാലില്‍ പിടിക്കുകയും ചെയ്തു. ഞങ്ങള്‍ക്ക് കാലില്‍ വണങ്ങുന്ന പതിവുകള്‍ വീട്ടില്‍ ഇല്ല. എന്റെ കുട്ടികള്‍ യാത്ര പോകുമ്പോഴും തിരിച്ചു വരുമ്പോഴും കെട്ടിപിടിച്ചു ഇരുകവിളിലും ഓരോ ഉമ്മ വെക്കും. അതാണ് ചെറുപ്പം മുതല്‍ ഉള്ള പതിവ്. അവര്‍ മുതിര്‍ന്നപ്പോഴും അതിന് മാറ്റം വന്നിട്ടില്ല. ഞാന്‍ എന്തായാലും നെറുകില്‍ കൈവെച്ചു മോന്‍ പോയി വാ ജോലി ശരിയാവും എന്ന് പറഞ്ഞു. പിന്നെയും രഞ്ജിത് വന്നു. വീണ്ടും പലതരം പരീക്ഷകള്‍. വീണ്ടും തിരിച്ചു പോയി. ഒന്നര ആഴ്ച മുമ്പ് രഞ്ജിത് വീണ്ടും വന്നു. ജോലി ശരിയായി ഇവിടെ നിന്നാണ് ഫ്ലൈറ്റ്. കുറെ പേപ്പറുകള്‍ ശരിയാക്കാന്‍ ഉണ്ട്.
മിനിയാന്ന് രാത്രി അവന്റെ വീട്ടുകാര്‍ ഒക്കെ വന്നു. അച്ഛന്‍, അമ്മ, ചെറിയച്ഛന്‍ചേച്ചി, ചേച്ചിയുടെ ഭര്‍ത്താവ് എന്നിവര്‍. അവന്റെ ചേച്ചിയും ചേച്ചിയുടെ ഭര്‍ത്താവും ഡോക്ടര്‍മാര്‍ ആണ്. ചേച്ചി ആയുര്‍വേദ ഡോക്ടര്‍. ചേട്ടന്‍ അലോപതി ഡോക്ടര്‍. കോഴിക്കോടാണ് രണ്ടുപേരും. അവരൊക്കെ വീട്ടിലേക്കു വരുന്നു എന്ന് പറഞ്ഞപ്പോള്‍ ആദ്യം എനിക്കൊരു അന്ധാളിപ്പ് ഉണ്ടായിരുന്നു. എനിക്ക് പരിചയം രഞ്ജിതിനെ മാത്രമാണ്. അവന്റെ അമ്മ ഇടയ്ക്ക് ഫോണില്‍ സംസാരിക്കാറുണ്ട് എന്ന് മാത്രം. ബാക്കിയുള്ളവര്‍ എങ്ങനെ എന്നും എങ്ങനെ പെരുമാറും എന്നൊക്കെയുള്ള ആധി എനിക്ക് ശരിക്കും ഉണ്ടായിരുന്നു. പക്ഷേ വന്നു ഒരു അഞ്ച് മിനിറ്റിനുള്ളില്‍ അവരൊക്കെ ഈ വീട്ടിലെ അംഗങ്ങള്‍ ആയി. രഞ്ജിത്തിന്റെ അമ്മ പറഞ്ഞു, ഇനി വയനാട്ടില്‍ വരുമ്പോള്‍ വീട്ടില്‍ വരണം, അവിടെ താമസിക്കണം, ഈ സ്നേഹബന്ധം നമ്മള്‍ ജീവിതത്തില്‍ ഒരിക്കലും അവസാനിപ്പിക്കരുത് എന്ന്. രഞ്ജിത് എപ്പോഴും വന്നു ആന്റിയുടെ കറികളുടെ പുകഴ്ച പറയും, ആന്റി അതുണ്ടാക്കി തന്നു, ഇതുണ്ടാക്കി തന്നു എന്നൊക്കെ പറയും. ആന്റി ഉള്ളത് കൊണ്ടാണ് അവന് ഇവിടെ വന്നു നില്‍ക്കാനും ജോലി കിട്ടാനും കാരണമായത് എന്നൊക്കെയുള്ള എളിമയുള്ള വാക്കുകളും അവര്‍ പറഞ്ഞു. എത്രയോ കാലമായി പരിചയം ഉള്ളവരെ പോലെയായിരുന്നു അവരുടെ ഒക്കെ സംസാരം. രഞ്ജിത്തിന്റെ ചേച്ചിയുടെ ഭര്‍ത്താവ് മാത്രം തുടക്കത്തില്‍ പരിചയമില്ലാത്തതിനാല്‍ ഒന്ന് സംസാരിക്കാന്‍ മടിച്ചെങ്കിലും പിന്നെ അദ്ദേഹവും അവരുടെ കൂട്ടത്തില്‍ ഒരാളായി.
ഇന്നലെ രാത്രി രഞ്ജിത് അമേരിക്കയിലേക്ക് പോയി. എയര്‍ പോര്‍ട്ടിലേക്ക് ഇറങ്ങും മുമ്പ് സിറ്റ് ഔട്ടില്‍ എല്ലാവരും നിരന്നു നിന്നു. അവന്റെ അമ്മ പറഞ്ഞു മോനെ ഇറങ്ങും മുമ്പ് എല്ലാവരുടെയും കാലില്‍ നമസ്ക്കരിക്കു. ഞാന്‍ വാതില്‍ അടക്കാനുള്ള താക്കോലുമായി ഹാളിന്റെ വാതില്‍ക്കല്‍ നില്‍ക്കുകയാണ്. ആദ്യം അവന്‍ അമ്മയുടെ കാലില്‍ നമസ്കരിച്ചു. തൊട്ടടുത്ത് അവന്റെ അച്ഛന്‍, ചെറിയച്ഛന്‍ എല്ലാവരും ഉണ്ട്. പക്ഷേ നേരെ വന്നു ആന്റിയുടെ കാലില്‍ നമസ്കരിക്കട്ടെ എന്ന് പറഞ്ഞു എന്റെ കാലില്‍ തൊട്ടു. എന്റെ കണ്ണുകള്‍ നിറഞ്ഞു. പക്ഷേ ഞാന്‍ പറഞ്ഞു ആന്റിയുടെ കാലില്‍ ഒന്നും പിടിക്കണ്ട, മോന്‍ പോയി നന്നായി വരൂ എന്ന്. എയര്‍ പോര്‍ട്ടില്‍ നിന്നും അവന്‍ യാത്ര പറയാതെ അകത്തേക്ക് കയറി പോകാന്‍ നോക്കി. പെട്ടെന്ന് തിരിഞ്ഞപ്പോള്‍ അവന്റെ കലങ്ങിയ കണ്ണുകള്‍ എല്ലാവരും കണ്ടു. അവന്റെ അമ്മ, ചേച്ചി എല്ലാവരും കരയുകയാണ്. എന്റെ നിറഞ്ഞു വരുന്ന കണ്ണുകള്‍ ഞാന്‍ ആരും കാണാതെ മറച്ചു പിടിച്ചു. അവന്‍ വീട്ടില്‍ ഉണ്ടായിരുന്ന രണ്ട് മാസത്തോളം കാലം കുട്ടികള്‍ വീട്ടില്‍ ഇല്ലാത്ത ശൂന്യത ഞാന്‍ അറിഞ്ഞിരുന്നില്ല. മോനെ എന്ന് വിളിക്കാന്‍ മകനായി അവന്‍ ഉണ്ടായിരുന്നു. എന്റെ ഇളയ മോന്‍ ഷിപ്പില്‍ പോകാന്‍ വേണ്ടി എയര്‍ പോര്‍ട്ടില്‍ നില്‍ക്കുമ്പോഴുള്ള അതേ ഹൃദയവേദന ഞാന്‍ അനുഭവിച്ചു. അറിഞ്ഞു. ആദ്യം സരുണ്‍.... ഇപ്പോള്‍ രഞ്ജിത് ....ചില ബന്ധങ്ങള്‍ അങ്ങനെയാണ്, രക്തബന്ധം ഇല്ലെങ്കിലും അതിന് ഒരേ രക്തത്തിന്റെ ചൂടും ചൂരും ഉണ്ടാവും.
3 comments:
ശരിയാണ് ചില ബന്ധങ്ങള്‍ ഇങ്ങനെയാണ് മറ്റുള്ളവര്‍ക്ക് അത് മനസ്സിലാകത്തുമില്ല
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
othiri santhosham thonnunnu,. enikkum ethupole nalla friends undu,...
ഞാനും ചേച്ചിയുടെ മോന്റെ അത്ര പോന ഒരു കുട്ടിയാണ് ..... എനിക്കും ഇത് വായിച്ചപ്പോള്‍ ചേച്ചിയെ അമ്മ എന്ന് വിളിക്കാന്‍ തോന്നുന്നു ...
Post a Comment